lockel
പടം:രാമനാട്ടുകര ബസ് സ്റ്റാൻഡിനു മുന്നിൽ ദേശീയ പാതയോരത്ത് തോന്നിയ പോലെ പാർക്ക് ചെയ്ത ഇരുചക്രവാഹനങ്ങൾ ​

പരിഷ്കാരം ഇന്നു മുതൽ

രാമനാട്ടുകര: ഗതാഗതകുരുക്കിൽ വീർപ്പുമുട്ടുന്ന രാമനാട്ടുകരയ്ക്ക് ശാപമോക്ഷമായി പുത്തൻ പരിഷ്കാരം. നഗരസഭാ ഭരണാധികാരികളും പൊലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് സംയുക്ത പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നത്. 6.66 കോടി രൂപ ചെലവിട്ട് നടത്തിയ നഗര സൗന്ദര്യവത്‌കരണ പദ്ധതി മാർച്ച്‌ 27-ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തെങ്കിലും അങ്ങാടിയിലെ ഗതാഗത ക്രമീകരണങ്ങൾ എങ്ങുമെത്തിയിരുന്നില്ല.

പുതിയ ക്രമീകരണമനുസരിച്ചു ബസ്‌സ്റ്റാൻഡിന് മുന്നിൽ കുറച്ചു സ്ഥലത്ത്‌ വാഹനങ്ങൾ നിറുത്താൻ പേ ആൻഡ് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തും. ഇത്‌ പ്രത്യേകമായി അടയാളപ്പെടുത്തും. റോഡിന്റെ മറു ഭാഗത്ത് ചാലിയാർ കോംപ്ലക്സിനു മുന്നിൽ വാഹനങ്ങൾ തലങ്ങും വിലങ്ങും നിർത്തിയിടുന്നത് തടയും. ഇവിടെയും റോഡരികിൽ അടയാളപ്പെടുത്തി വാഹന പാർക്കിങ്ങിനു സൗകര്യം ഏർപ്പെടുത്തും . അങ്ങാടിയിൽ നഗര സൗന്ദര്യവത്കരണ പദ്ധതിപ്രകാരം വീതികൂട്ടിയ സ്ഥലങ്ങളിലെല്ലാം വാഹനപാർക്കിങ്ങിന് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും. ഇവിടെയൊക്കെ പ്രത്യേകം ബോർഡുകൾ സ്ഥാപിക്കും . നഗര സഭാ ചെയർപേഴ്സൺ ബുഷ്‌റ റഫീഖ്, വൈസ് ചെയർമാൻ കെ. സുരേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. ലത്തീഫ്, കെ.എം. യമുന, ട്രാഫിക് എസ്.ഐ. മനോജ്‌ ബാബു, ഫറോക്ക് എസ്.ഐ. കെ. സുഹൈബ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗതാഗത ക്രമീകരണ പരിശോധന നടത്തിയത്.

പുതിയ പരിഷ്കാരം ഇവയൊക്കെ

#പേ ആൻഡ് പാർക്കിംഗ് സൗകര്യം

# വീതികൂട്ടിയ സ്ഥലങ്ങളിലെല്ലാം വാഹനപാർക്കിംഗി പ്രത്യേക ക്രമീകരണങ്ങൾ

#വാഹനങ്ങൾ തലങ്ങും വിലങ്ങും നിറുത്തിയിടുന്നത് തടയും

# പ്രത്യേകം ബോർഡുകൾ സ്ഥാപിക്കും