4
കുറ്റിക്കാട്ടൂർ ഗവ.ഹൈസ്ക്കൂൾ റോഡ് തകർന്ന നിലയിൽ

കുറ്റിക്കാട്ടൂർ: കുറ്റിക്കാട്ടൂർ ഗവ.ഹൈസ്കൂളിലേക്കെത്തുന്ന കുട്ടികൾക്കും അദ്ധ്യാപകർക്കും മഴക്കാലത്ത് കുറച്ച് നേരത്തേ വീട്ടിൽ നിന്നിറങ്ങണം. സ്കൂളിലേക്കുള്ള തകർന്ന റോഡ് കടന്ന് ഒരുവിധം സ്കൂളിലെത്താൻ ഒരു സമയമെടുക്കുമെന്നതാണ് കാരണം. കുണ്ടും കുഴിയുമായിരുന്ന റോഡിൽ മഴക്കാലമായതോടെ യാത്ര ദുരിതം ഇരട്ടിയായി. ദിവസവും നൂറ്കണക്കിന് വിദ്യാ‌ർത്ഥികളും അദ്ധ്യാപകരടങ്ങുന്ന ജീവനക്കാരുമാണ് ഈ റോഡിലൂടെ കടന്ന് പോകുന്നത്.

റോഡ് ഉടൻ ഗതാഗാതയോഗ്യമാക്കണമെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യം.പെരുവയൽ പഞ്ചായത്തിലെ 14 വാ‌ർഡിൽപ്പെടുന്ന ഈ റോഡിന് ഗ്രാമസഭയിൽ നിന്നും 3,35,000 രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ തകർന്ന് തരിപ്പണമായി കിടക്കുന്ന റോഡ് നവീകരിക്കാൻ ഈ തുക മതിയാവില്ല. ടാറിംഗ് വേഗത്തിൽ തകരുന്നതിനാൽ കോൺക്രീറ്റ് റോഡ് നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മഴക്കാലം കഴിയുംവരെയെങ്കിലും താത്ക്കാലികമായി ചെളിവെള്ളം നിറഞ്ഞ ഭാഗത്ത്‌ ക്വാറി വേസ്റ്റ് ഇട്ട് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് രക്ഷിതാക്കളും അദ്ധ്യാപകരും ആവശ്യപ്പെടുന്നത്. സ്കൂൾ പി.ടി.എ വിഷയത്തിൽ വേണ്ടത്ര സമ്മർദ്ദം ചെലുത്തുന്നിലെന്നും നാട്ടുകാർക്ക്‌ ആക്ഷേപമുണ്ട്.

 റോഡ് നിർമ്മാണത്തിന് അനുവദിച്ചത് 3,35,000 രൂപ