നിർമാണ തുക 3 കോടി
നാദാപുരം: പണി തുടങ്ങിയിട്ട് മൂന്ന് വർഷം ലക്ഷങ്ങൾ ചെലവഴിച്ചിട്ടും പണിതീരാതെ കല്ലാച്ചി വളയം റോഡ്. ഇതോടെ വളയം നിവാസികൾ ദുരിതത്തിലായി. റോഡ് നിർമ്മാണ പ്രവൃത്തിയിൽ വീഴ്ച വരുത്തിയതിന് പൊതുമരാമത്ത് വകുപ്പ് കരാറിൽനിന്നും ടെർമിനേറ്റ് ചെയ്ത കരാറുകാരന് വീണ്ടും അനുമതി നൽകിയ സംഭവം കരാറിലെ ഒത്തുകളിയാണെന്നാണ് നാട്ടുകാരുടെ ആരോപണം. കല്ലാച്ചി ഓത്തിയിൽ മുക്ക് മുതൽ വളയം കുറുവന്തേരി മുക്കു വരെ മൂന്നര കിലോമീറ്റർ റോഡ് ടാർ ചെയ്യാൻ മൂന്ന് കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് വകയിരുത്തിയത്. 2019ൽ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. എന്നാൽ കറാർ ഒപ്പിട്ടത് 2020 ഫെബ്രവരി പത്തിനും. കാറാറുകാരന് റോഡ് വിട്ട് നൽകിയത് 2020 മാർച്ച് 19ന്. ഏഴു മാസം കൊണ്ട് പണി പൂർത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ പ്രവൃത്തി പൂർത്തായാവാത്തതിനാൽ കരാർ നീട്ടി നൽകി. അഡീഷണൽ ബാങ്ക് ഗ്യാരന്റിയോ സപ്ലിമെന്ററി എഗ്രിമെന്റോ കറാരുകാരൻ വകുപ്പിന് സമർപ്പിക്കാതെയായിരുന്നു ഈ കരാർ നീട്ടൽ. പൊതുജനങ്ങളിൽ നിന്നും നിരവധി പരാതികൾ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പിനും ലഭിച്ചതോടെ മന്ത്രി ഇടപെട്ടു. എന്നിട്ടും പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയായിരുന്നു. ഇതോടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ റോഡ് ഉപരോധ സമരം നടത്തി. തുടർന്ന്
കരാറുകാരനെതിരെ നടപടി എടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നാട്ടുകാർക്ക് ഉറപ്പ് നൽകി. തുടർന്ന് മൂന്ന് മാസത്തിനകം (2022 ആഗസ്ത് 8 ന് മുൻപ് ) 3467524 രൂപ സർക്കാരിലേക്ക് തിരിച്ചടക്കേക്കാൻ നിർദേശം നൽകി. കരാറുകാരൻ പൊതുമരാമത്ത് വകുപ്പിൽ നിന്ന് നല്കാനുള്ള മുഴുവൻ തുകയും തടഞ്ഞുവെക്കപ്പെടുമെന്നും ടെ൪മിനേഷൻ ഓ൪ഡറിലുണ്ടായിരുന്നെങ്കിലും ടെർമിനേഷൻ ഉത്തരവ് മരവിപ്പിക്കപ്പെടുന്ന സ്ഥിതിയാണ് പിന്നീട് ഉണ്ടായത്. ഇതേ കരാറുകാരന് 2022 ആഗസ്റ്റ്15 വരെ കാലാവധി നീട്ടി നൽകി, ഇതോടെ ചെലവായ തുക തിരിച്ചടക്കേണ്ട. ഇതാണ് വിവാദത്തിന് വഴിതെളിയിച്ചത്. വീണ്ടും അതേ കരറുകാരൻ അനുമതി നൽകിയതിലൂടെ പണം തിരിച്ചടക്കാനുള്ള സാവാകാശമാണെന്നാണ് നാട്ടുകാർ പറയുന്നത്.
എന്ന് തീരും റോഡ് നിർമാണം
രണ്ടര വർഷമായി റോഡുപണി ഇഴഞ്ഞു നീങ്ങിയത് നിമിത്തം വളയം നിവാസികൾ അനുഭവിച്ച യാതനകൾ ചില്ലറയല്ല. രണ്ടര വർഷം കൊണ്ട് തീർക്കാൻ പറ്റാത്ത പ്രവൃത്തി കരാർ നീട്ടി നൽകിയ ഒരു മാസം കൊണ്ട് ഏങ്ങനെ തീർക്കാൻ കഴിയുമെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. റോഡിന്റെ രണ്ട് കിലോമീറ്ററോളം മണ്ണുമാന്തി ഉപയോഗിച്ച് കുഴിച്ചിട്ടതിനാൽ വളയം കല്ലാച്ചി റോഡിൽ ഗതാഗതം ഭാഗീകമായി നിലച്ച അവസ്ഥയാണ്. മലയോരവാസികളായ സാധാരണ ജനങ്ങൾക്ക് മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള വിവിധ ആശുപത്രിയിലും മലഞ്ചരക്ക് വിപണന കേന്ദ്രമായ കല്ലാച്ചിയിലും ഉപരിപഠനത്തിനായി വിവിധ കോളേജുകളിൽ എത്തിച്ചേരാനും ഏകാശ്രയമായ റോഡിനാണ് ഈ ദുർഗതി.