കോഴിക്കോട് : ജില്ലയിലെ കിഴക്കൻ മലയോരമേഖലയിലെ ടൂറിസം വികസനത്തിനായി മാതൃകാ ഫാം ടൂറിസം വികസന പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് മലയോര മേഖലകളെ പ്രത്യേകം പരിഗണിച്ചാണ് ജില്ലാ പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിക്കുന്നത്. ആദ്യഘട്ടത്തിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പുതുപ്പാടി, കോടഞ്ചേരി, ഓമശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി എന്നീ അഞ്ച് മലയോര ഗ്രാമ പഞ്ചായത്തുകളിലായി ഒരു മാതൃകാ ഫാം ടൂറിസം വികസന പദ്ധതിയാണ് നടപ്പിലാക്കുക. ഈ പഞ്ചായത്തുകളിലെ മാതൃകാ കർഷകരെ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് അവരുടെ കൃഷിയിടങ്ങളെ ടൂറിസം പോയിന്റുകളായി വികസിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്. ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി മലബാർ മേഖലയിലെ ടൂർ ഓപ്പറേറ്റർമാരുടെ ഏകദിന ഫാം ടൂറിസം യാത്ര സംഘടിപ്പിച്ചു. യാത്രയുടെ ഫ്ലാഗ് ഓഫ് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീർ നിർവഹിച്ചു. തിരുവമ്പാടി പഞ്ചായത്തിലെ കർഷക കൂട്ടായ്മയായ ഇരുവഴിഞ്ഞിവാലി ടൂറിസം സർക്യൂട്ടിന്റെ സഹകരണത്തോടെ മലബാർ ടൂറിസം കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പ് മലബാർ റിവർ ഫെസ്റ്റിവലിന്റെയും പ്രീ ഇവന്റുകളുടെ ഭാഗമായി മലബാർ മേഖലയിലെ ടൂർ ഓപ്പറേറ്റർമാരുടെ സംഘം കയാക്കിംഗ് പരിശീലന പരിപാടികളും സന്ദർശിച്ചു.

മലബാർ ടൂറിസം കൗൺസിൽ ചെയർമാൻ സജീർ പടിക്കൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്ബ്, ഇരുവഴിഞ്ഞി വാലി ടൂറിസം കർഷക കൂട്ടായ്മ പ്രസിഡന്റ് അജു എമ്മാനുവൽ, പ്രോഗ്രാം കൺവീനർ പ്രിൻസ് സാം വിത്സൻ, വൈസ് പ്രസിഡന്റ് മധു പണിക്കർ, ട്രഷറർ യാസിർ അറഫാത്ത് തുടങ്ങിയവർ പങ്കെടുത്തു.