canal

വടകര: കുരിക്കിലാട് അഴിയൂർ ബ്രാഞ്ച് കനാലിലെ കോൺക്രീറ്റ് പാലം തകർന്നുവീണു, യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സ്കൂട്ടർ യാത്രികരായിരുന്ന കിഴക്കയിൽ മീത്തൽ വിനേഷ് മൂന്ന് വയസുള്ള കുഞ്ഞുമാണ് രക്ഷപ്പെട്ടത്.

സ്കൂട്ടർ പാലത്തിലൂടെ പോകുമ്പോഴാണ് പാലം തകർന്നത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. പാലം പതിയെ പൊട്ടി താഴ്ന്നതിനാൽ ഇവർ രക്ഷപ്പെടുകയായിരുന്നു. 45 വർഷത്തെ പഴക്കമുള്ള പാലമാണ് തകർന്നത്. ഇറിഗേഷൻ വകുപ്പിൽ നിരവധി തവണ വിഷയം അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. മൂന്നുവർഷം മുൻപ് ചോറോട് സ്കൂൾ ഭാഗത്ത് പാലം തകർന്ന് സ്കൂൾ വിദ്യാർത്ഥി അപകടത്തിൽപെട്ടിരുന്നു. അന്ന് പ്രശ്ന പരിഹാരമുണ്ടാകുമെന്ന് അധികാരികൾ പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. വിഷയത്തിൽ നടപടിയെടുക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.