bufferzone
bufferzone

കോഴിക്കോട്: മലയോര ജനതയുടെ ജീവിതത്തെയും സ്വത്തിനെയും ബാധിക്കുന്ന ബഫർസോൺ പ്രഖ്യാപനത്തിനെതിരെ ഇന്ന് വൈകിട്ട് മൂന്നിന് ജനകീയ മനുഷ്യമതിൽ. ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പെരുവണ്ണാമൂഴി മുതൽ ചക്കിട്ടപാറ വരെയാണ് ബഹുജന പങ്കാളിത്തത്തോടെ മനുഷ്യ മതിൽ തീർക്കുന്നതെന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പതിനായിരം പേർ മനുഷ്യമതിലിൽ പങ്കാളികളാവും. കെ.മുരളീധരൻ എം.പി.മനുഷ്യമതിൽ ഉദ്ഘാടനം ചെയ്യും. ടി.പി.രാമകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
2022 ജൂൺ മൂന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പ്രകാരം വനാതിർത്തിക്ക് ഒരു കിലോമീറ്റർ ബഫർ സോൺ വന്നാൽ മലബാർ വന്യജീവി സങ്കേതത്തിന്റെ സമീപ പ്രദേശമായ ചക്കിട്ടപാറ പഞ്ചാത്തിലെ ചക്കിട്ടപ്പാറ, ചെമ്പനോട എന്നീ രണ്ടു വില്ലേജുകളിലെയും ജനവാസ കേന്ദ്രങ്ങൾ ഏതാണ്ട് പൂർണമായും ബഫർ സോണിനുള്ളിലാവും.
പതിറ്റാണ്ടുകളായി കൃഷിചെയ്ത് എല്ലാവിധ രേഖകളോടും കൂടെ കൈവശം വെച്ച് താമസിച്ചു വരുന്ന ജനവിഭാഗങ്ങളെ ബഫർ സോണിന്റെ പേരിൽ രണ്ടുതരം പൗരൻമാരാക്കുന്ന കോടതി വിധിയാണ് ഇപ്പോൾ വന്നിട്ടുള്ളതെന്ന് ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റും പ്രതിരോധ സമിതി സ്വാഗതസംഘം ചെയർമാനുമായ കെ.സുനിൽ പറഞ്ഞു.
ബഫർ സോൺ വരുന്ന പ്രദേശത്ത് എല്ലാവിധ വന നിയമങ്ങളും ബാധകമാണ്. ഇവിടെ താമസിക്കുന്ന ജനങ്ങൾക്ക് തങ്ങളുടെ അവശ്യ കാര്യങ്ങളായ സ്ഥല കൈമാറ്റം, വീടുപണി, കൃഷിയിറക്കൽ, കിണർ കുഴിക്കൽ, റോഡ് നവീകരണം തുടങ്ങി എല്ലാ കാര്യങ്ങൾക്കും ഡി.എഫ്.ഒ ചെയർമാനായ വിദഗ്ദ്ധസമിതിയെ സമീപിക്കേണ്ടതായിട്ടുണ്ട്. ഈ സമിതിയിൽ പഞ്ചായത്ത് പ്രസിഡന്റുമാർ പോലുമില്ല. പഞ്ചായത്ത് രാജ് ആക്ടിൽ പറയുന്ന ഗ്രാമസഭകളുടെ പ്രാധാന്യം പോലും ഇല്ലാതാകുന്നു. ഇതിനുദാഹരണമാണ് 10 വർഷം മുമ്പ് ബഫർസോണായി മാറിയ നമ്മുടെ സമീപ പ്രദേശമായ നിലഗിരി ജില്ലയിലെ ഗൂഡല്ലൂർ മേഖലയിലെ ജനങ്ങൾ ഇപ്പോൾ അനഭവിക്കുന്ന ബുദ്ധിമുട്ടുകൾ. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ കേരളത്തിലെ 24 വന്യജീവിസങ്കേതങ്ങളുടെ ചുറ്റിലും താമസിക്കന്നവർക്കും ബാധകമാകും എന്നുള്ളതിൽ യാതൊരു സംശയവുമില്ല
ഇപ്പോൾ വന്ന സുപ്രീം കോടതി വിധി രാജസ്ഥാനിലെ വനാതിർത്തിക്കുള്ളിൽ പ്രവർത്തിക്കുന്ന ഖനനവുമായി ബന്ധപ്പെട്ട കേസിലാണ്. കേരളത്തിലെ കൂടിയ ജനസാന്ദ്രതയും ശരാശരിയേക്കാൾ കൂടിയ വന മേഖലയുമുള്ള സാഹചര്യത്തിൽ ഈ നിയമം പുന: പരിശോധിക്കണമെന്നും സുനിൽ ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ജനറൽ കൺവീനർ കെ.എ.ജോസുകുട്ടി, ചക്കിട്ടപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ഇ.എം.ശ്രീജിത്ത്, ബിന്ദു വത്സൻ തുടങ്ങിയവർ പങ്കെടുത്തു.