മുക്കം: സർക്കാർ നൽകുന്ന ഫണ്ട് പര്യാപ്തമല്ലാത്തതിനാൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ. ഫലപ്രദമായ പരിഹാര നടപടി ഉടൻ ഉണ്ടായില്ലെങ്കിൽ ഉച്ചഭക്ഷണ വിതരണം നിലയ്ക്കുമെന്ന ആശങ്കയിലാണ് അദ്ധ്യാപകരും രക്ഷിതാക്കളും. 150 ൽ താഴെ കുട്ടികളുള്ള സ്കൂളിൽ ഒരു കുട്ടിക്ക് ഒരു ദിവസം 8 രൂപയാണ് ലഭിക്കുന്നത്. ഇത് ഒട്ടും പര്യാപ്തമല്ലെന്നാണ് രക്ഷകർത്താക്കളും അദ്ധ്യാപകരും പറയുന്നത്. ആഴ്ചയിൽ 2 ദിവസം പാലും ഒരു ദിവസം മുട്ടയും നൽകണം. ബാക്കി പണമാണ് പച്ചക്കറിയുംപല വ്യഞ്ജനങ്ങളും വാങ്ങാനും പാചകഗ്യാസിനും ഉപയോഗിക്കുന്നത്. അരിയും പാചക കൂലിയും മാത്രമാണ് സർക്കാർ നൽകുന്നത്. 2016ൽ അനുവദിച്ച നിരക്കാണ് 8 രൂപ. അതിനു ശേഷം സാധനങ്ങളുടേയും പാചകഗ്യാസിന്റേയും വില പതി മടങ്ങ് വർദ്ധിച്ചെങ്കിലും നിരക്ക് വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ജൂൺ മാസത്തിൽ ഉച്ച ഭക്ഷണത്തിന് ചെലവാക്കിയ തുക കിട്ടിയതുമില്ല. പാചക തൊഴിലാളികളുടെ ശമ്പളവും മുടങ്ങിയിരിക്കയാണ്. പ്രതി ദിനം 600 രൂപയാണ് വേതനം. സ്കൂൾ പ്രവർത്തിക്കാത്ത ഏപ്രിൽ,മെയ് മാസങ്ങളിൽ 2000 രൂപ വീതം അലവൻസ് നൽകുന്നതും നിലച്ചിരിക്കുകയാണ്. കുട്ടികൾക്ക് ചോറിനൊപ്പം രണ്ടു കറിയും ഉപ്പേരിയും നൽകണം. ആഴ്ചയിൽ അഞ്ചു ദിവസം ഒരു കുട്ടിക്ക് 40 രൂപയാണ് കിട്ടുക. ഇതിൽ മുട്ടക്ക് 5.50 രൂപയും പാലിന് 24 രൂപയും നൽകിയാൽ ബാക്കി വരുന്നത് 10.50 രൂപയാണ്. ഇത് അഞ്ചു 5 ദിവസത്തെ പച്ചക്കറിയും പലവ്യഞ്ജനങ്ങളും വാങ്ങാൻ വേണ്ടതിന്റെ പകുതി പോലുമാവില്ലെന്നാണ് രക്ഷകർത്താക്കൾ പറയുന്നത്.
കൊടിയത്തൂർ പഞ്ചായത്തിലെ സ്കൂൾ അദ്ധ്യാപക രക്ഷാകർതൃസമിതികളും (പി.ടി.എ) സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികളും (എസ്.എം.സി) കൂട്ടായ്മ രൂപീകരിച്ച് പരിഹാരമാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. മുക്കത്തുനടത്തിയ വാർത്താ സമ്മേളനത്തിൽ സി.വി.റസാഖ്, എ.കെ.റാഫി, സി.ഫസൽ ബാബു, ഇ.കെ സാജിദ്, സലാം ചാലിൽ എന്നിവർ പങ്കെടുത്തു.