കോഴിക്കോട്: സി-സ്‌റ്റെഡിലെ പിരിച്ചുവിടപ്പെട്ട ജീവനക്കർക്ക് തുല്യ നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പിരിച്ചുവിട്ട ഒരു വിഭാഗം ജീവനക്കാർ സി-സ്റ്റെഡ് എംപ്ലോയീസ് പ്രൊട്ടക്‌ഷൻ യൂണിയൻ ഒഫ് കേരളയുടെ നേതൃത്വത്തിൽ സമരത്തിലേക്ക്. സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ പ്രവർത്തിച്ചിരുന്ന സി- സ്റ്റെഡ് നിർത്തലാക്കിയപ്പോൾ ഒരു വിഭാഗം ജീവനക്കാർക്ക് അർഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെന്നാണ് ആക്ഷേപം.
2020 ൽ സ്ഥാപനം പിരിച്ചുവിട്ടപ്പോൾ ഇരുപത്തഞ്ച് വർഷത്തിലേറെ ജോലി ചെയ്തിരുന്ന 53 ജീവനക്കാരാണ് തൊഴിൽ രഹിതരായത്. സ്ഥാപനം അടച്ചുപൂട്ടുന്നതിന് മുമ്പ് സി-സ്റ്റെഡ് ഡയറക്ടറായ ജില്ലാ കലക്ടറും ഭരണ പരിഷ്‌കാകര വകുപ്പും സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടുകളിൽ ജീവനക്കാരെ സി-സ്റ്റെഡിൽ നിലനിർത്താനാവില്ലെങ്കിൽ സമാന സ്വഭാവമുള്ള മറ്റ് സ്ഥാപനങ്ങളിൽ പുനർവിന്യസിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. എന്നാൽ ഇത് പരിഗണിക്കാതെ ജീവനക്കാരെ പിരിച്ചുവിടുകയാണ് ഉണ്ടായത്. ജോലി നഷ്ടപ്പെട്ട ജീവനക്കാർക്ക് നഷ്ടപരിഹാരം അനുവദിച്ചപ്പോൾ ഉയർന്ന ഉദ്യോഗസ്ഥർക്ക് വലിയ തുക നഷ്ടപരിഹാരം നൽകുകയും മറ്റുള്ളവർക്ക് തുച്ഛമായ തുക മാത്രം നൽകുകയുമാണ് ഉണ്ടായതെന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് നൽകേണ്ട ആനുകൂല്യങ്ങൾ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ ചുമതലപ്പെടുത്തിയ റിയാബ് തയാറാക്കിയ റിപ്പോർട്ട് പക്ഷപാതപരവും ജീവനക്കാർക്ക് തുല്യ നീതി നിഷേധിക്കുന്നതുമായിരുന്നെന്ന് സി-സ്റ്റെഡ് എംപ്ലോയീസ് പ്രൊട്ടക്‌ഷൻ യൂണിയൻ ഓഫ് കേരള ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഇവരെ മറ്റ് വകുപ്പുകളിലേക്ക് മാറ്റി നിയമിക്കുകയോ തുല്യനീതി ഉറപ്പാക്കിക്കൊണ്ട് നഷ്ടപരിഹാരം നൽകുകയോ വേണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് നിയമ നടപടിയും സമര പരിപാടികളും ഉൾപ്പെടെയുള്ളവയുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം. വാർത്താസമ്മേളനത്തിൽ സി-സ്റ്റെഡ് എംപ്ലോയീസ് പ്രൊട്ടക്‌ഷൻ യൂണിയൻ ഒഫ് കേരള പ്രസിഡന്റ് കെ.ഐ.ആന്റണി, എൻ.എം മാത്തുക്കുട്ടി (ഇടുക്കി), ഷൈജു, പുഷ്പലത (കോഴിക്കോട്), ഗോപിമാധവൻ (പാലക്കാട്), രുഗ്മിണി (കണ്ണൂർ), സതീഷ് (മലപ്പുറം), ജോജി എം (കോട്ടയം), ജോസ് ജെയിംസ് (എറണാകുളം), ജിതേഷ് (കാസർകോട്), രമേഷ് മോഹൻ (വയനാട്) തുടങ്ങിയവർ സംബന്ധിച്ചു.