കോഴിക്കോട്: അഴിമതി നടത്താൻ വേണ്ടി മാത്രം സീവേജ് പ്ലാന്റ് ജനവാസ കേന്ദ്രത്തിൽ സ്ഥാപിക്കാനുള്ള കോഴിക്കോട് കോർപറേഷൻ അധികാരികളുടെ നിലപാട് മാറ്റുന്നത് വരെ മുസ്‌ലിം യൂത്ത് ലീഗും യു.ഡി.എഫും സമരരംഗത്തുണ്ടാകുമെന്നും പ്ലാന്റ് എന്തുവില കൊടുത്തും തടയുമെന്നും ഡോ.എം.കെ.മുനീർ പറഞ്ഞു. കോഴിക്കോട് ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് കോർപറേഷൻ ഓഫിസിന് മുമ്പിൽ നടത്തിയ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകുകയായിരുന്നു അദ്ദേഹം. ഇത്തരം പദ്ധതികളുടെ മറവിൽ തീവെട്ടികൊള്ള നടത്താൻ മേയറുടെയും ഡെപ്യൂട്ടി മേയറുടെയും സെക്രട്ടറിയുടെയും നേതൃത്വത്തിൽ വൻ സംഘം പ്രവർത്തിക്കുന്നുണ്ട്. വർഷങ്ങളായി നമ്പർ ലഭിക്കാത്ത കെട്ടിടങ്ങൾ സി.പി.എം ലോക്കൽ സെക്രട്ടറി വാങ്ങുന്നതൊടെ നമ്പർ ലഭിക്കുന്നത് എങ്ങിനെയാണ്. ഇത്തരം അഴിമതി വെച്ചുപൊറുപ്പിക്കാൻ സാദ്ധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ടി.മൊയ്‌തീൻകോയ സ്വാഗതവും കെ.എം.എ റഷീദ് നന്ദിയും പറഞ്ഞു.