കുന്ദമംഗലം: മനസുണ്ടെങ്കിൽ മണ്ണില്ലാതെയും ചേന വിളയിക്കാമെന്നതാണ് ചന്ദ്രൻ നൽകുന്ന കൃഷി പാഠം. പ്ലാസ്റ്റിക്ക് ചാക്കിൽ നിറച്ച കരിയിലയിലാണ് പെരുവയൽ ചെറുകുളത്തൂരിലെ മള്ളാരു വീട്ടിൽ ചന്ദ്രൻ വിജയം വിളവെടുക്കുന്നത്. പണിയായുധങ്ങളൊന്നുമില്ലാതെ ഏതൊരാൾക്കും എളുപ്പത്തിൽ ചെയ്യാവുന്ന കൃഷി രീതിയാണ് ഇതെന്ന് ഈ ജെെവ കർഷകൻ ഉറപ്പുനൽകുന്നു. വീട്ടുമുറ്റത്തോ ടെറസിലോ കൃഷിചെയ്യാം. കനമില്ലാത്തതിനാൽ സൂര്യപ്രകാശമുള്ളിടത്തേക്ക് മാറ്റിവെയ്ക്കാം.
നല്ല കട്ടിയുള്ള ചാക്ക് തിരഞ്ഞെടുത്ത് കരിയിലകൾ നിറയ്ക്കുകയാണ് ചെയ്യുന്നത്. തേക്കിന്റെയും മഹാഗണിയുടെയും ഇലകൾ കഴിയുന്നതും ഒഴിവാക്കണമെന്നാണ് ചന്ദ്രന്റെ ശാസ്ത്രം. ചാക്കിന്റെ പകുതി വരെ കരിയിലകൾ നല്ലപോലെ അമർത്തിവെച്ചതിന് ശേഷം മുളപ്പിച്ച വിത്ത് ചേന വെയ്ക്കുക. അതിനു മീതെ ചാണകപ്പൊടിയും മറ്റ് ജൈവ വളങ്ങളും വിതറി കരിയിലകൾ നിറച്ചാൽ നടീൽ കഴിഞ്ഞു.
സിമന്റിട്ട സ്ഥലത്താണ് വെക്കുന്നതെങ്കിൽ ചാക്കിന് ചൂടേൽക്കാതിരിക്കാൻ ചകിരി വെച്ച് അൽപ്പം ഉയർത്തിവെക്കുന്നത് നല്ലതാണ്. മഴക്കാലത്തിന്റെ തുടക്കത്തിലോ ഏപ്രിൽ, മേയ് മാസങ്ങളിലോ ആണ് കൃഷി ചെയ്യേണ്ടത്. ചാക്കിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആറുമാസം കഴിഞ്ഞാൽ വിളവെടുപ്പ് നടത്താം. ഒരുചാക്കിൽ 10 കിലോ വരെ തൂക്കമുള്ള ചേന ലഭിക്കുമെന്ന് ചന്ദ്രൻ പറയുന്നു.
ചെറുകുളത്തൂർ കിഴക്കുംപാടം പച്ചക്കറി ക്ലസ്റ്ററിലെ പരീക്ഷണ കൃഷിക്കാരനായ ചന്ദ്രൻ, ഭാരതീയ പ്രകൃതി കൃഷിയുടെ കുന്ദമംഗലം ബ്ലോക്കുതല കർഷക പ്രതിനിധികൂടിയാണ്. ഒരേക്കറോളം സ്ഥലത്ത് എല്ലാ വർഷവും നെല്ലും വാഴയും വിവിധ പച്ചക്കറികളും ഇദ്ദേഹം കൃഷിചെയ്യുന്നു. 2013ൽ മികച്ച കർഷകനുള്ള ഹരിതകീർത്തി അവാർഡ് ചന്ദ്രന് ലഭിച്ചിട്ടുണ്ട്.