പുൽപ്പള്ളി: കടുവാസാന്നിദ്ധ്യം ഉറപ്പിച്ചതിനെ തുടർന്ന് ഇന്നലെയും വനം വകുപ്പ് പുൽപ്പള്ളി പഞ്ചായത്തിലെ എരിയപ്പള്ളി പ്രദേശത്തെ കൃഷിയിടങ്ങളിൽ തെരച്ചിൽ നടത്തി. മൂന്ന് ടീമുകളായിട്ടായിരുന്നു പരിശോധന. രാവിലെ ആരംഭിച്ച തെരച്ചിൽ വൈകിട്ട് വരെ നീണ്ടു. എന്നാൽ കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല. പഴുതടച്ചാണ് പരിശോധനയെന്ന് ഫോറസ്റ്റർ മണികണ്ഠൻ പറഞ്ഞു. നാട്ടുകാരും തെരച്ചിലിൽ പങ്കാളികളായി.

എം എൽ എ സന്ദർശിച്ചു
പുൽപ്പള്ളി: കടുവാഭീഷണിയെ തുടർന്ന് ഭീതിയിലായ എരിയപ്പള്ളി പ്രദേശം ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ സന്ദർശിച്ചു. പ്രദേശവാസികളിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
പ്രദേശത്തെ കടുവാശല്യത്തിന് പരിഹാരം കാണണമെന്നും കടുവയെ കൂട് വച്ച് പിടികൂടണമെന്ന് വനം വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഒരാഴ്ചയിലേറെയായി പ്രദേശം കടുവാഭീതിയിലായിട്ടും ശക്തമായ നടപടി സ്വീകരിക്കാത്തത് അപലപനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിദ്യാർത്ഥികൾ കടുവാഭീതിയിൽ
പുൽപ്പള്ളി: സ്‌കൂൾ വിദ്യാർത്ഥികളും കടുവാഭീതിയിൽ. പുൽപ്പള്ളി -കല്ലുവയൽ-ജയശ്രീ ഹൈസ്‌കൂളിലെ കുട്ടികളെ ബസ് സ്റ്റോപ്പിൽ നിന്ന് അദ്ധ്യാപകർ ചേർന്നാണ് സ്‌കൂളിലേയ്ക്ക് കൊണ്ടുവരുന്നതും തിരികെ ബസ് കയറ്റി വിടുന്നതും. സ്‌കൂളിൽ നിന്ന് അൽപം മാറിയാണ് ബസ് സ്റ്റോപ്പ്. സ്ഥലത്തെത്തിയ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ യോട് കുട്ടികൾ തങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പറഞ്ഞു.