avikkal
മലിനജല സംസ്കരണ പ്ലാന്റ് വിഷയം വിശദീകരിക്കാൻ തോ​ട്ട​ത്തി​ൽ​ ​ര​വീ​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ആ​വി​ക്ക​ൽ​ ​തോ​ടി​ൽ​ ​ന​ട​ന്ന​ ​ജ​ന​സ​ഭ​ സംഘർഷത്തിൽ കലാശിച്ചപ്പോൾ

കോഴിക്കോട്: ആവിക്കൽ തോട് മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നത് ചർച്ച ചെയ്യാൻ എം.എൽ.എ വിളിച്ചുചേർത്ത ജനസഭയിൽ ഉന്തും തള്ളും. തോപ്പയിൽ കമ്മ്യൂണിറ്റി ഹാളിൽ വിളിച്ചുചേർത്ത യോഗത്തിൽ എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ പ്രസംഗിച്ച ശേഷം ചോദ്യം ഉന്നയിച്ചവരെ തടഞ്ഞതാണ് കയ്യാങ്കളിയിൽ കലാശിച്ചത്. സമരസമിതി പ്രവർത്തകർ യോഗത്തിൽ തള്ളിക്കയറി കൂകി വിളിച്ചതോടെ 15 മിനുട്ടിനകം യോഗം അവസാനിപ്പിച്ച് എം.എൽ.എ മടങ്ങി. നിർദ്ദിഷ്ട പ്ലാന്റ് സ്ഥാപിക്കുന്ന വാർഡിലെ ആളുകളെ വിളിക്കാതെ തൊട്ടടുത്ത വാർഡിലുള്ളവരെ പങ്കെടുപ്പിച്ചാണ് ജനസഭ ചേർന്നതെന്ന് സമരസമിതി പ്രവർത്തകർ ആരോപിച്ചു. പ്ലാന്റുമായി ബന്ധപ്പെട്ട് സമരസമിതിയുടെ ഭാഗം കേൾക്കാൻ എം.എൽ.എ തയ്യാറാകുന്നില്ലെന്നും സമരസമിതിക്കാർ കുറ്റപ്പെടുത്തി. ഹാളിൽ തള്ളിക്കയറിയ പ്രതിഷേധക്കാരെ പൊലീസ് പിടിച്ചുമാറ്റുകയായിരുന്നു.

ഇന്നലെ വൈകീട്ട് മൂന്നിനാണ് 67ാം വാർഡ് ജനസഭ നടന്നത്. എം.എൽ.എയുടെ പ്രസംഗശേഷം മലിനജല പ്ലാന്റിനെ എതിർക്കുന്നവർ ചോദ്യം ഉന്നയിച്ചപ്പോൾ ചോദ്യം അനുവദിക്കില്ലെന്ന നിലപാടുമായി സംഘാടകർ രംഗത്ത് വരികയായിരുന്നു. ഇതോടെ പ്രതിഷേധവുമായി സ്ത്രീകൾ എഴുന്നേറ്റു. പുറത്തുണ്ടായിരുന്ന സമരക്കാരും ഇടപ്പെട്ടതോടെ ഉന്തും തള്ളുമായി. പൊലീസെത്തി എം.എൽ.എയെ വാഹനത്തിൽ കയറ്റുകയായിരുന്നു. വികസനത്തിന് എതിരു നിൽക്കുന്നവരാണ് യോഗത്തിൽ ബഹളമുണ്ടാക്കിയതെന്ന് കൗൺസിലർ സി.പി.സുലൈമാൻ പറഞ്ഞു. പ്രതിഷേധത്തിനിടെ പൊലീസുകാർ വസ്ത്രം വലിച്ചുകീറിയെന്ന് ജനകീയ സമരസമിതി വൈസ് ചെയർമാൻ ജ്യോതി പ്രഭാകർ ആരോപിച്ചു. സംഭവത്തിൽ കണ്ടാലറിയാവുന്ന 50ഓളം പേർക്കെതിരെ വെള്ളയിൽ പൊലീസ് കേസെടുത്തു.