കൽപ്പറ്റ: പ്ലസ് വൺ വിദ്യാർത്ഥിയായിരിക്കെ സംഭവിച്ച അപകടത്തെ തുടർന്ന് അരയ്ക്ക് താഴെ പൂർണമായി തളർന്ന് കിടപ്പിലായ യുവാവിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സുൽത്താൻ ബത്തേരി പട്ടികവർഗ്ഗ വികസന ഓഫീസർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും 3 മാസത്തിനകം നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ. മേപ്പാടി എസ്റ്റേറ്റ്പടിയിലെ ബിബിൻ ബാബു സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ..ബൈജുനാഥിന്റെ ഉത്തരവ്.
6 വർഷമായി കോഴിക്കോട് മെഡിക്കൽ കോളേജിലും മേപ്പാടി വിംസിലും ചികിത്സ തുടരുന്ന പരാതിക്കാരന്റെ മാതാപിതാക്കൾ കൂലിപ്പണിക്കാരാണ്. സ്വന്തമായി വീടും സ്ഥലവുമില്ലാത്ത, പട്ടിക വിഭാഗത്തിലുള്ള പരാതിക്കാരൻ ഒറ്റമുറി വാടക വീട്ടിലാണ് താമസിക്കുന്നത്.
വടുവൻചാൽ സർക്കാർ സ്‌കൂളിൽ പ്ലസ് വണ്ണിന് പഠിക്കുമ്പോൾ 2016 ഫെബ്രുവരി 16 ന് സ്‌കൂളിലേയ്ക്കുള്ള യാത്രാമധ്യേയാണ് കാൽവഴുതി വീണ് ബിബിൻ ബാബുവിന് പരിക്കേറ്റത്.
1000 രൂപ പ്രതിമാസ വാടക നൽകിയാണ് കുടുംബം താമസിക്കുന്നത്. പരാതിക്കാരന് പട്ടികവർഗ്ഗ വികസന വകുപ്പിൽ നിന്ന് 60,000 രൂപയും അമ്പലവയൽ വില്ലേജ് ഓഫീസ് മുഖേന 15,000 രൂപയും ചികിത്സാ സഹായം നൽകിയിട്ടുണ്ട്. വീട്ടുവാടക, ചികിത്സ, വാഹനവാടക എന്നിവയ്ക്ക് 5000 രൂപ പ്രതിമാസം അനുവദിക്കണമെന്നാവശ്യപ്പെട്ട് പട്ടികവർഗ വികസന ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. കട്ടിൽ, ടേബിൾഫാൻ എന്നിവ നൽകി. ലാപ് ടോപ് ലഭ്യമാക്കാൻ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. പട്ടികവർഗ വികസന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് ധനസഹായം ലഭിക്കുന്നതായി പരാതിക്കാരൻ അറിയിച്ചു. പരാതിക്കാരന്റെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.