കൊടിയത്തൂർ: കൊടിയത്തൂർ കാരകുറ്റി പന്നിക്കോട് റോഡിൽ മാട്ടു മുറിയിൽ മാലിന്യ കുന്നു കൂടുന്നു. ദിവസങ്ങളോളമായി കൂടിക്കിടക്കുന്ന മാലിന്യ കൂമ്പാരത്തിൽ നിന്നും ദുർഗന്ധവും വമിക്കുന്ന സ്ഥിതിയാണ്. ഈ മാലിന്യക്കൂമ്പാരത്തിനടുത്തുള്ള വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എം.സി.എഫിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ കെട്ടിക്കിടക്കുകയാണ്. മാലിന്യശേഖരണത്തിലും മാലിന്യം നീക്കുന്നതിലും പഞ്ചായത്ത് തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. ഗ്രാമ പഞ്ചായത്തിലേക്ക് ദിവസേനെ ഇത് വഴി വരുന്ന മെമ്പർമാരും മാലിന്യക്കൂമ്പാരം കണ്ടില്ലെന്ന് നടിക്കുകയാണ്. മാത്രമല്ല പഞ്ചായത്തിന് ഇതുവരെ സ്വന്തമായി എം.സി.എഫിന് കെട്ടിടം നിർമ്മിക്കാനായിട്ടില്ല. മാലിന്യം നീക്കാത്തതിൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്. അതേ സമയം ചുള്ളിക്കാപറമ്പ് അങ്ങാടിക്ക് സമീപം റോഡരികിൽ മാലിന്യങ്ങൾ ശേഖരിച്ച് കത്തിക്കുന്നതിനും നടപടിയായില്ല.