കൽപ്പറ്റ: ജില്ലയുടെ വികസന വിഷയങ്ങളിൽ വനം വകുപ്പ് സ്വീകരിക്കുന്ന സമീപനം തിരുത്തണമെന്ന് ജില്ലാവികസന സമിതി യോഗം. വിഷയങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർക്കുന്ന യോഗങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുക്കുന്നില്ലെന്നത് ഗൗരവമായി കാണണം. ഇക്കാര്യം സർക്കാറിനെയും ചീഫ് സെക്രട്ടറിയെയും അറിയിക്കാൻ ഒ.ആർ.കേളു നിർദ്ദേശിച്ചു.
ബത്തേരി നഗരസഭ മുൻ അദ്ധ്യക്ഷൻ സി.കെ.സഹദേവന് സ്‌കൂട്ടർ യാത്രയ്ക്കിടെ കാട്ടുപന്നി ഇടിച്ച് അപകടമുണ്ടാ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന് തെറ്റായ റിപ്പോർട്ടാണ് അധികൃതർ നൽകിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു. ജനപ്രതിനിധികൾക്ക് ഇതാണ് അവസ്ഥയെങ്കിൽ സാധാരണ ജനങ്ങളോടുളള വനം വകുപ്പിന്റെ സമീപനം ഊഹിക്കാവുന്നതാണ്. മനുഷ്യ വന്യജീവി സംഘർഷം നിലനിൽക്കുന്ന ജില്ലയിൽ പലപ്പോഴും ജനരോഷത്തിൽ നിന്ന് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത് ജനപ്രതിനിധികളാണെന്ന കാര്യം ഓർക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജില്ലയുടെ സമഗ്രവികസനത്തിനായി തയ്യാറാക്കുന്ന പദ്ധതികളുടെ നിർവ്വഹണത്തിൽ വേഗത വേണമെന്ന് ജില്ലാ വികസനസമിതി ആവശ്യപ്പെട്ടു. ആദിവാസി വിഭാഗങ്ങളുടെ ഭവന പദ്ധതികൾ പലപ്പോഴും ആസൂത്രണ പിഴവ് കൊണ്ട് നിർമ്മാണം പൂർത്തീകരിച്ചിട്ടും ഗുണഭോക്താക്കൾക്ക് കൈമാറാൻ സാധിക്കാത്ത സാഹചര്യമുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും നേതൃത്വത്തിൽ നടത്തുന്ന പല പദ്ധതികളും ഇഴഞ്ഞ് നീങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഒ.ആർ.കേളു എം.എൽ.എ പറഞ്ഞു. ഇവയുടെ നിർവ്വഹണ പുരോഗതി സംബന്ധിച്ച് അടിയന്തര റിപ്പോർട്ട് ആവശ്യമാണെന്നും എം.എൽ.എ നിർദ്ദേശിച്ചു.
പണി പൂർത്തീകരിച്ച് ആറ് മാസം കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ നിരവധി വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറാൻ സാധിക്കാത്ത സാഹചര്യം ജില്ലയിലുണ്ടെന്ന് ടി.സിദ്ധിഖ് എം.എൽ.എ പറഞ്ഞു.
ജലജീവൻ മിഷൻ പദ്ധതികൾ നടപ്പാക്കുന്നതിലും ജില്ലയ്ക്ക് വേണ്ടത്ര വേഗം കൈവരിക്കാൻ സാധിച്ചിട്ടില്ലെന്ന് ഒ.ആർ കേളു എം.എൽ.എ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ഇതര ജില്ലകളെ അപേക്ഷിച്ച് വയനാട് ജില്ലയിലെ പദ്ധതികൾ വിവിധങ്ങളായ സാങ്കേതിക കാര്യങ്ങളിൽ കുടുങ്ങി കിടക്കുന്ന സാഹചര്യമാണുളളത്. പല തദ്ദേശ സ്ഥാപനങ്ങളിലും സ്ഥലം ലഭ്യമാക്കുന്ന കാര്യത്തിൽ പോലും അലസമായ സമീപനമാണ് സെക്രട്ടറിമാരിൽ നിന്നുണ്ടാകുന്നത്.
വയനാട് പാക്കേജിൽ 75 കോടി രൂപയുടെ പദ്ധതി നിർദ്ദേശങ്ങൾ പ്ലാനിംഗ് ബോർഡിന് സമർപ്പിച്ചതായി ജില്ലാ കളക്ടർ യോഗത്തെ അറിയിച്ചു. ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് പദ്ധതികൾ ആരംഭിക്കും.
ഗോത്രസാരഥി പദ്ധതി നടത്തിപ്പിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പട്ടിക വർഗ്ഗ, വിദ്യാഭ്യാസ വകുപ്പുകൾക്കിടയിലുമുളള ആശയ കുഴപ്പം അടിയന്തരമായി പരിഹരിക്കണമെന്ന് ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു.
ഫയൽതീർപ്പാക്കൽ യജ്ഞം ഇഴയുന്നു
സർക്കാർ ഓഫീസുകളിലെ ഫയൽ തീർപ്പാക്കൽ നടപടികൾ വേഗത്തിലാക്കണമെന്ന് ജില്ലാ കളക്ടർ എ.ഗീത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സർക്കാർ നിർദ്ദേശപ്രകാരമുളള യജ്ഞം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴും പല വകുപ്പുകളും ഫയൽ തീർപ്പാക്കൽ നടപടികൾക്ക് വേണ്ടത്ര ഗൗരവം നൽകിയതായി കാണുന്നില്ല. വനം, റവന്യൂ, തദ്ദേശ വകുപ്പുകളിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ ഫയൽ തീർപ്പാക്കാനുളളത്.
ജില്ലാ ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ നടന്ന വികസന സമിതി യോഗം ആഫ്രിക്കൻ പന്നിപ്പനി വിഷയത്തിൽ ഫലപ്രദമായ രീതിയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെയും റാപ്പിഡ് റെസ്‌പോൺസ് ടീമിനെയും അഭിനന്ദിച്ചു.
ജില്ലയിൽ 32 വർഷത്തെ സേവനം പൂർത്തിയാക്കി വിരമിക്കുന്ന ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ സുധേഷ്.എം.വിജയന് യാത്രയയപ്പ് നൽകി. എ.ഡി.എം എൻ.ഐ.ഷാജു, ജില്ലാ പ്ലാനിംഗ് ഓഫീസർ ആർ.മണിലാൽ തുടങ്ങിയവർ പങ്കെടുത്തു.