കോഴിക്കോട്: ഇ- സൗഹാർദമാകാനൊരുങ്ങുകയാണ് നാദാപുരം ഗ്രാമപഞ്ചായത്ത്. ഇതോടെ പഞ്ചായത്തിലെ മുഴുവൻ ഇടപാടുകളും ഓൺലൈനായി മാറും. കടലാസ് രഹിതമാക്കുന്നതിനും ഇ- ഗവേർണൻസിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന 213 സേവനങ്ങളെക്കുറിച്ചും ജന പ്രതിനിധികൾക്ക് അവബോധം ഉണ്ടാക്കുന്നതിനുമായി ഇന്നലെ ഐ.ടി ശിൽപശാല സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫീസിൽ വരാതെ തന്നെ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭിക്കുന്ന ഐ.എൽ.ജി.എം.എസ് സോഫ്റ്റ് വെയർ ശിൽപശാലയിൽ പരിചയപ്പെടുത്തി. ജനപ്രതിനിധികളുടെ ഉത്തരവാദിത്വം നിർവഹിക്കുന്ന രീതി മനസിലാക്കുന്നതിനും സിറ്റിസൺ പോർട്ടൽ പൊതുജനങ്ങളിൽ എത്തിക്കുന്നതിനും വേണ്ടിയാണ് ഐ.ടി പാഠശാല സംഘടിപ്പിച്ചത്. രണ്ടാംഘട്ടത്തിൽ വാർഡുതല കൺവീനർമാർക്കും കുടുംബശ്രീ പ്രവർത്തകർക്കും സിറ്റിസൺ പോർട്ടൽ പരിചയപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ശിൽപശാല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സി.കെ നാസർ, എം.സി സുബൈർ, ജനീദ ഫിർദൗസ്, മെമ്പർ പി.പി ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദ് നന്ദിയും പറഞ്ഞു. കുന്നുമ്മൽ ബ്ലോക്ക് ടി.എ ഇ.കെ സീന, കില ഫാക്കൽട്ടി കെ ഷാജി, ടെക്‌നിക്കൽ അസിസ്റ്റന്റ് എ.പി ഷീമ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.