പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയ സാക്ഷികൾക്കെതിരെ പൊലീസ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മധുവിന്റെ കുടുംബം. മധുവിന്റെ അമ്മ മല്ലിയാണ് മണ്ണാർക്കാട് മുൻസിഫ് കോടതിയിൽ പരാതി നൽകിയത്. പലരുടെയും സ്വാധീനവും പ്രലോഭനവുമാണ് കൂറുമാറ്റത്തിന് വഴിയൊരുക്കിയത്. ചിലർ ഭീഷണിക്കും വഴങ്ങി. തങ്ങൾക്ക് നേരെയും ഭീഷണിയുണ്ട്. ഇതെല്ലാം പൊലീസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് അമ്മ മല്ലി പരാതി നൽകിയിട്ടുള്ളത്.
വിചാരണ പുരോഗമിക്കുന്ന കേസിൽ 19-ാം സാക്ഷികൂടി കൂറുമാറി. 19ാം സാക്ഷി കക്കി മൂപ്പനാണ് കൂറുമാറിയത്. പൊലീസിന്റെ സമ്മർദ്ദത്തെ തുടർന്നായിരുന്നു ആദ്യമൊഴിയെന്ന് കക്കി മൂപ്പൻ കോടതിയിൽ പറഞ്ഞു. ഇതോടെ കേസിൽ കൂറുമാറിയ സാക്ഷികളുടെ എണ്ണം ഒമ്പതായി. കഴിഞ്ഞദിവസം 18ാം സാക്ഷി കാളി മൂപ്പനും കൂറുമാറിയിരുന്നു. ഇയാൾ വനം വകുപ്പിന്റെ താത്കാലിക വാച്ചറാണ്.
കേസിൽ 122 സാക്ഷികളാണ് ആകെയുള്ളത്. ഇതിൽ 10 മുതൽ 17 വരെയുള്ള രഹസ്യമൊഴി നൽകിയ സാക്ഷികളുടെ വിസ്താരം പൂർത്തിയായി. ഇവരിൽ പതിമൂന്നാം സാക്ഷി സുരേഷ് മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. എഴുപേർ രഹസ്യമൊഴി വിചാരണയ്ക്കിടെ തിരുത്തിയിരുന്നു.
കേസെടുക്കാൻ ഉത്തരവ്
മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കേസെടുക്കാൻ കോടതി ഉത്തരവ്. മുക്കാലി സ്വദേശി അബ്ബാസിനെതിരെ കേസെടുക്കാനാണ് മണ്ണാർക്കാട് മുൻസിഫ് കോടതി ഉത്തരവിട്ടത്. കേസിൽ നിന്നും പിന്മാറാൻ അബ്ബാസ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.