
കോഴിക്കോട്: നഗരത്തിന്റെ തിരക്കിൽ ആരോരുമില്ലാതെ അലഞ്ഞുനടന്നിരുന്ന അശരണർക്ക് തുണയാവുകയാണ് ജില്ലാ ഭരണകൂടം. ഇന്നലെ വരെ ഒരു മേൽക്കൂരയുടെ തണലോ കരുതലോ ഇല്ലാതിരുന്ന 47 പേർക്ക് ഇനി തെരുവിൽ അലയേണ്ടിവരില്ല. നഗരത്തിൽ അലഞ്ഞു നടന്നിരുന്ന 47 പേരെയാണ് ജില്ലാ ഭരണകൂടം കരുതൽകരങ്ങളായ ഉദയം ഹോമിലേക്ക് മാറ്റിയത്. 
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരം, പുതിയ ബസ് സ്റ്റാൻഡ് തുടങ്ങിയ പരിസരപ്രദേശങ്ങളിൽ കിടന്നുറങ്ങിയവരെയാണ് ഉദയം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.
തെരുവുജീവിതങ്ങളില്ലാത്ത കോഴിക്കോട് എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി തെരുവിൽ കിടന്നുറങ്ങുന്നവരെയും നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നവർക്കുമായി ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റിന്റെ സഹായത്തോടെയാണ് ഉദയം പ്രോജക്ട് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ പൊലീസിന്റെ സഹായത്തോടെ നടന്ന പ്രവർത്തനത്തിന് ഡെപ്യൂട്ടി കളക്ടർ അനിതകുമാരി, സ്പെഷൽ ഓഫിസർ ഡോ.ജി രഗേഷ്, ഉദയം പ്രൊജക്ട് അസി. കോർഡിനേറ്റർ പി. സജീർ മറ്റ് ഉദയം ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.
ചേവായൂർ, വെള്ളിമാടുകുന്ന്, മാങ്കാവ്, വെസ്റ്റ്ഹിൽ, എന്നിവിടങ്ങളിലായി 400 ഓളം ആളുകളെ പാർപ്പിക്കാനുള്ള സംവിധാനമാണ് ഉദയം ഹോമുകളിലുള്ളത്.