പേരാമ്പ്ര: പന്തിരിക്കരയിലെ സ്വർണക്കടത്ത് കേസ് അന്വേഷിച്ച് പ്രതികളെ കണ്ടെത്താനായി പുതിയ അന്വേഷണസംഘത്തെ നിയോഗിച്ചു. കാണാതായ ഇർഷാദു (26)മായി ബന്ധപ്പെട്ട് പേരാമ്പ്ര എ.എസ്‌.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തു. പെരുവണ്ണാമൂഴി പൊലീസ് ഇൻസ്‌പെക്ടർ കെ. സുഷിർ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. അന്വേഷണ പുരോഗതി പേരാമ്പ്ര എ.എസ്‌.പി ദിവസേന വിലയിരുത്തും. പൊലീസ് സബ് ഇൻസ്‌പെക്ടർമാരായ ആർ.സി. ബിജു, ഹബീബുള്ള, കെ. അബ്ദുൾ ഖാദർ, പി.കെ..സത്യൻ, രാജീവ് ബാബു, വി.കെ.സുരേഷ്, എന്നിവരെയും അസിസ്റ്റന്റ് സർക്കിൾ ഇൻസ്‌പെക്ടർമാരായ ടി.കെ. മനോജ് കുമാർ, സി.പി.സിയാദ്, സി.കെ. ബാലകൃഷ്ണൻ എന്നിവരെയും സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ.കെ.ബേബി, കെ.അജീഷ് കുമാർ, എൻ. രതീഷ്, എന്നിവരെയും സിവിൽ പൊലീസ് ഓഫീസർ എം.രഞ്ചിഷ് എന്നിവരടങ്ങുന്ന അന്വേഷണസംഘത്തെയാണ് നിയോഗിച്ചതെന്ന് ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസാമി അറിയിച്ചു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ കഴിഞ്ഞ ദിവസം പൊലീസ് സംഘത്തെ അപായപ്പെടുത്താൻ ശ്രമം നടത്തിയതായി പരാതി ഉയർന്നിരുന്നു . സ്വർണക്കടത്തുമായി ബന്ധപ്പെട്ട ശബ്ദസന്ദേശത്തിൽ പരാമർശിച്ച വ്യക്തിയെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് പന്തിരിക്കരയിലെത്തിയ പെരുവണ്ണാമൂഴി പൊലിസിനെയാണ് അപായപ്പെടുത്താൻ ശ്രമം നടന്നത് . സൂപ്പിക്കട സ്വദേശി ഷമീറിനെതിരെയാണ് പരാതി ഉയർന്നത് .വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെ പെരുവണ്ണാമൂഴി പൊലിസ് ഷെമീറിന്റെ വീട്ടിലെത്തിയപ്പോൾ ഗ്യാസ് സിലിണ്ടറുകൾ തുറന്നിടുകയും കത്തിയുമായി ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നാണ് പരാതി. കൈ മുറിച്ച് ആത്മഹത്യാ ഭീഷണിയും മുഴക്കി. ഉടൻ പേരാമ്പ്ര അഗ്‌നി രക്ഷാസ്റ്റേഷനിലെ പി.വിനോദിന്റെ നേതൃ ത്വത്തിൽ 2 യൂണിറ്റെത്തി. അതിനിടെ ഷമീർ ഓടി രക്ഷപ്പെടുകയായിരുന്നു. ഗ്യാസ് സിലിണ്ടറുകൾ രണ്ടും പോലീസ് കസ്റ്റഡിയിലെടുത്തു .ബഹളത്തിനിടെ ഓടി രക്ഷപ്പെട്ട ഷമീർ രാത്രി പൊലീസിൽ കീഴടങ്ങുകയായിരുന്നു .