
കോഴിക്കോട്: മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരോഗ്യമേള ഇന്ന് പയ്യോളി തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും. കാനത്തിൽ ജമീല എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മേളയിൽ അലോപ്പതി, ആയുർവേദ, ഹോമിയോ മെഡിക്കൽ ക്യാമ്പുകൾ ഉണ്ടാകും. സൗജന്യ മരുന്നു വിതരണത്തോടൊപ്പം സ്വകാര്യ ലാബുമായി സഹകരിച്ച് ജീവിത ശൈലി രോഗങ്ങളുൾപ്പെടെയുള്ളവ സൗജന്യമായി പരിശോധിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിവിധവകുപ്പുകളുടെ പ്രദർശന-വിപണന സ്റ്റാളുകളും മേളയിലുണ്ടാകും.