വടകര : ട്രെയിൻ സർവീസ് സാധാരണ നിലയിലായിട്ടും വടകര റൂട്ടിലെ യാത്രക്കാരുടെ ദുരിതം തുടരുന്നു.

കൊവിഡിന് മുൻപ് സ്റ്റോപ്പുണ്ടായിരുന്ന രണ്ട് ട്രെയിനുകൾ സർവീസ് പുനഃസ്ഥാപിച്ചെങ്കിലും വടകരയിൽ മാത്രം സ്റ്റോപ്പില്ല. 'തിരുവനന്തപുരം-വേരാവെൽ (16334), കൊച്ചുവേളി-ഭാവ്‌നഗർ (19259) എന്നീ വണ്ടികൾക്കാണ് വടകരയിൽ ഇനിയും സ്റ്റോപ്പനുവദിക്കാത്തത്. അതേസമയം, തിരിച്ചുള്ള യാത്രയിൽ ഈ രണ്ടുവണ്ടികൾക്കും വടകരയിൽ സ്റ്റോപ്പുണ്ട്.

കൊങ്കൺവഴി ആഴ്ചയിൽ ഒരുതവണ ഓടുന്ന വണ്ടിയാണ് വേരാവെലും ഭാവ്‌നഗർ എക്സ്‌പ്രസും. വേരാവെൽ എക്സ്‌പ്രസ് ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് നേരത്തേ വടകരയിൽ എത്തിയിരുന്നത്. ഭാവ്‌നഗർ എക്സ്‌പ്രസ് വെള്ളിയാഴ്ച ഇതേ സമയത്തും. വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലുമെല്ലാം വടകരയെക്കാൾ പിന്നിലുള്ള പട്ടാമ്പി, കുറ്റിപ്പുറം, കാഞ്ഞങ്ങാട് തുടങ്ങിയ സ്റ്റേഷനുകളിലെല്ലാം ഈ വണ്ടികൾക്ക് സ്റ്റോപ്പുണ്ട്. മൂകാംബിക, ഉഡുപ്പി തുടങ്ങിയ തീർഥാടനകേന്ദ്രങ്ങളിലേക്കും ഗോവ, സൂററ്റ്, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കുമെല്ലാം പോകുന്നവർ ആശ്രയിക്കുന്നത് ഈ ട്രെയിനുകളെയാണ്.

സൂററ്റ്, അഹമ്മദാബാദ് എന്നിവിടങ്ങളിൽ ജോലിചെയ്യുന്ന വടകരക്കാരാണ് വടകരയിൽ ട്രെയിനിന് സ്റ്റോപ്പില്ലാതായതോടെ കൂടുതൽ ദുരിതത്തിലായത്. വടകരയിൽ നിന്ന് കോഴിക്കോട്ടോ, തലശ്ശേരിയിലോ എത്തിയിട്ട് വേണം യാത്രക്കാർക്ക് ഈ വണ്ടിയിൽ കയറാൻ. ഇത് സമയ നഷ്ടത്തിനൊപ്പം സാമ്പത്തികനഷ്ടവും ഉണ്ടാക്കുകയാണ്. വേരാവെലിൽനിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വണ്ടി വെള്ളിയാഴ്ച രാത്രി 8.44-നാണ് വടകരയിലെത്തുക. തിരിച്ചുള്ള യാത്രക്കാർക്ക് ഈ സ്റ്റോപ്പ് ഏറെ ഉപകാരപ്രദമാണ്. ബുധനാഴ്ചയുള്ള ഭാവ് നഗർ എക്സ്‌പ്രസും ഇതേസമയത്തുതന്നെ വടകരയിലെത്തും. സർവീസെല്ലാം പഴയപടിയായിട്ടും സ്റ്റോപ്പ് തിരിച്ചുകിട്ടാതായ വിഷയം ജനപ്രതിനിധികളും മറ്റും ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

തിരുവനന്തപുരം-വെരാവൽ എക്സ്പ്രസ്സ്, കൊച്ചുവേളി-ഭാവ്നഗർ എക്സ്പ്രസ്സ് എന്നിവയ്ക്ക് വടകരയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് സതേൺ റെയിൽവേ ജനറൽ മാനേജരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കെ. മുരളീധരൻ എം.പി

മുമ്പ് സ്റ്റോപ്പുണ്ടായിരുന്ന രണ്ട് ട്രെയിനുകൾക്കും വടകരയിൽ സ്റ്റോപ്പ് പുനഃസ്ഥാപിക്കണം

പ്രദീപ് ചോമ്പാല- താലൂക്ക് വികസ സമിതി അംഗം