
കോഴിക്കോട്: 52 ദിവസത്തെ ട്രോളിംഗ് നിരോധനം ഇന്നലെ അർദ്ധരാത്രി അവസാനിച്ചെങ്കിലും കാലാവസ്ഥ കടലിന്റെ മക്കളെ ചതിച്ചു. ആഗസ്റ്റ് നാലുവരെ അറബിക്കടലും സമീപ പ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമാവാൻ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് വന്നതോടെ കോളു തേടാൻ ഇനിയും നാലുനാൾ കാത്തിരിക്കണം. കടൽ പ്രക്ഷുബ്ധമാവാനും ഉയർന്ന തിരമാലയ്ക്കും സാദ്ധ്യതയുള്ളതിനാൽ യാതൊരു കാരണവശാലും മത്സ്യബന്ധനം നടത്താൻ പാടില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രവും നൽകിയിരിക്കുന്ന മുന്നറിയിപ്പ് . ഇന്ന് രാവിലെ മുതൽ അറബിക്കടലിൽ ഒരു മീറ്ററിലധികം ഉയരത്തിൽ തിരമാലയ്ക്ക് സാദ്ധ്യത ഉണ്ടെന്നും മുന്നറിയിപ്പിലുണ്ട്. ട്രോളിംഗ് നിരോധനം അവസാനിച്ചതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോവാൻ സാദ്ധ്യതയുള്ളതിനാൽ ഫിഷറീസ് വകുപ്പിനും കോസ്റ്റ് ഗാർഡിനും കർശന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ജൂൺ ഒമ്പത് അർദ്ധരാത്രി മുതൽ ഏർപ്പെടുത്തിയ ട്രോളിംഗ് നിരോധനം ഇന്നലെ അവസാനിച്ചതോടെ പ്രതീക്ഷയുടെ തീരത്തായിരുന്നു മത്സ്യത്തൊഴിലാളികൾ.
ബോട്ടുകളുടെയും മത്സ്യബന്ധന ഉപകരണങ്ങളുടെയും അറ്റകുറ്റപണികൾ തീർത്ത് മത്സ്യബന്ധനത്തിനായി നേരത്തെ തന്നെ തയ്യാറായിരുന്നു. ബോട്ടുകളുടെ അറ്റകുറ്റപണിക്കായി മൂന്ന് ലക്ഷത്തോളം രൂപ ചെലവായതായി പുതിയാപ്പയിലെ മത്സ്യത്തൊഴിലാളികൾ പറയുന്നു. മറ്റിടങ്ങളിലും ഇത്രതന്നെ വരും. ജില്ലയിൽ 1200ലധികം യന്ത്രവത്കൃത ബോട്ടുകളാണുള്ളത്. കൂടുതൽ ബോട്ടുകൾ ബേപ്പൂർ തുറമുഖത്താണ്.
ഇന്ധനം നിറയ്ക്കുന്നതിന് ബേപ്പൂരിൽ കഴിഞ്ഞ 26 മുതൽ ബങ്കുകൾ പ്രവർത്തനം ആരംഭിച്ചിരുന്നു. അന്യ സംസ്ഥാനക്കാരായ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ തുറമുഖങ്ങളിൽ എത്തിയിരുന്നു. വലിയ തുറമുഖമായതിനാൽ ബേപ്പൂരിൽ ഏഴായിരത്തോളം തൊഴിലാളികളാണ് ഉള്ളത്. മത്സ്യബന്ധനം തുടങ്ങിയാൽ അനുബന്ധ മേഖലകൾ ഉൾപ്പെടെ ആയിരക്കണക്കിന് തൊഴിലാളികൾ ഹാർബറുകളിൽ സജീവമാകും.
ആശ്വാസധനം ആശ്വാസമായില്ല
ട്രോളിംഗ് നിരോധനം അവസാനിക്കുമ്പോഴും ആശ്വാസ ധനസഹായം മുഴുവനായും ലഭിച്ചില്ലെന്ന പരാതി മത്സ്യത്തൊഴിലാളികൾക്കുണ്ട്. ഇന്ധന വില വർദ്ധനവാണ് പ്രധാന പ്രതിസന്ധി. ഡീസലിന് സബ്സിഡി ഇല്ലാത്തതും തിരിച്ചടിയാണ്. ഡീസൽ, മണ്ണെണ്ണ വില വർദ്ധന ഉണ്ടാക്കുന്ന സാമ്പത്തിക പ്രയാസം മറികടക്കണമെങ്കിൽ ഇത്തവണ കൂടുതൽ മത്സ്യം ലഭിക്കണം. വിലയും വർദ്ധിക്കണം. കേരള തീരത്ത് 2013 മുതൽ മത്സ്യസമ്പത്ത് കുറഞ്ഞു വരുന്ന സാഹചര്യമുണ്ട്. മത്തി ഉൾപ്പെടെയുള്ള മത്സ്യങ്ങളുടെ ലഭ്യത കുറയുകയാണ്. ചൂട് കൂടിയതാണ് മത്സ്യസമ്പത്ത് കുറയാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.