
@ രണ്ടുമാസത്തിനകം പൂർത്തിയാക്കുമെന്ന് കോർപ്പറേഷൻ
കോഴിക്കോട്: കണ്ടംകുളം ജൂബിലി ഹാളിന്റെയും കോവൂരിലെ കമ്മ്യൂണിറ്റി ഹാളിന്റെയും പ്രവൃത്തി നീളുന്നു. കലാ-സാംസാകാരിക പരിപാടികൾ നഗരത്തിൽ കൂടിയതോടെ രണ്ട് ഹാളുകളുടെയും പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാണ്.
ടൗൺഹാളിനും ടാഗോർ ഹാളിനും എസ്.കെ.പൊറ്റെക്കാട്ട് ഹാളിനും പുറമെ ജൂബിലി ഹാളും കോവൂർ കമ്മ്യൂണിറ്റി ഹാളും തുറക്കുന്നതോടെ കോർപ്പറേഷന് വരുമാനം വർദ്ധിക്കുകയും ചെയ്യും. എൻ.ഐ.ടിയുടെ നിർദ്ദേശാനുസരണമാണ് നവീകരണം നടക്കുന്നത്.
തളി ക്ഷേത്രം ഉൾപ്പടെയുള്ള പ്രദേശത്തിന്റെ പൈതൃക തനിമയ്ക്ക് അനുസൃതമായാണ് ജൂബിലി ഹാൾ നവീകരിക്കുന്നത്. കെട്ടിടത്തിന്റെ നിർമ്മാണ തർക്കങ്ങൾ പരിഹരിച്ചാണ് നവീകരണം. തളി ക്ഷേത്ര മാതൃകയിലാണ് മേൽക്കൂര. മൂന്നര വർഷം മുമ്പാണ് നവീകരണത്തിന് തുടക്കം കുറിച്ചത്. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നവീകരണം ആരംഭിച്ചത്. ഓഡിറ്റോറിയത്തിന് പുറമെ ഡൈനിംഗ് ഹാളും അടുക്കളയുമെല്ലാം ഉന്നത നിലവാരത്തിൽ സജ്ജമാക്കും. സ്വാതന്ത്ര്യത്തിന്റെ 50ാം വാർഷികത്തിന്റെ ഭാഗമായി നിർമ്മിച്ചതാണ് ജൂബിലി ഹാൾ.
പത്ത് കോടി രൂപ ചെലവിൽ 30,000 ചതുരശ്ര അടിയിലാണ് കോവൂർ കമ്മ്യൂണി ഹാളിന്റെ നിർമ്മാണം. 2016ലാണ് രണ്ട് നിലകളിലായി കെട്ടിട നിർമ്മാണം ആരംഭിച്ചത്. ഒരേസമയം ആയിരം പേർക്ക് ഒത്തുകൂടാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഡൈനിംഗ് ഹാൾ, അടുക്കള എന്നിവയും സജ്ജീകരിക്കും. അറുപത് വാഹനങ്ങൾക്ക് നിർത്തിയിടാൻ കഴിയും വിധം പാർക്കിംഗ് സംവിധാനം ഒരുക്കും. ലിഫ്റ്റ്, മിനി സ്റ്റേജ് സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. 2020 കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പൂർത്തിയാക്കാൻ ഉദ്ദേശിച്ച പദ്ധതി കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് വൈകിയത്. കോർപ്പറേഷന്റെ വരുമാനം വർദ്ധിപ്പിക്കുന്ന നടപടികളുടെ ഭാഗം കൂടിയായാണ് ഹാളുകളുടെ നിർമ്മാണവും നവീകരണവും. പരസ്യനികുതിയിൽ ഉൾപ്പെടെയുണ്ടായ വലിയ കുറവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.
'രണ്ടുമാസം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കാൻ കഴിയും. കോർപ്പറേഷന്റെ ഉടൻ ചെയ്തുതീർക്കേണ്ട നൂറുദിന പദ്ധതികളിൽ ഉൾപ്പെട്ട ജൂബിലി ഹാൾ ഈ വർഷം ആദ്യം തുറന്നു കൊടുക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. നവീകരണം ഏറെക്കുറെ പൂർത്തിയായ കണ്ടംകുളം ജൂബിലി ഹാൾ എത്രയും പെട്ടെന്ന് തുറന്നുകൊടുക്കാനാണ് കോർപ്പറേഷന്റെ ലക്ഷ്യം'. പി.സി.രാജൻ, ചെയർമാൻ,പൊതുമരാമത്ത് സ്ഥിരം സമിതി.