കോഴിക്കോട്: തോട്ടത്തിൽ രവീന്ദ്രൻ എം.എ.എയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനസഭ ബഹളത്തിൽ കലാശിച്ചതോടെ ആവിക്കൽ സമരസമിതി നിയമ നടപടികളുമായി മുന്നോട്ട്. പ്രായമായ സ്ത്രീകൾക്കെതിരെ പോലും പ്രതിഷേധിച്ചതിന് കേസെടുത്ത പൊലീസ് നടപടികൾക്കെതിരെയാണ് നിയമനടപടിയിലേക്ക് കടക്കാൻ ഒരുങ്ങുന്നത്.
ഇതിന്റെ ഭാഗമായി ലോയേഴ്സ് ഫോറം സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ കമ്മിറ്റി അംഗങ്ങളും ഇന്നലെ സമരപ്രദേശങ്ങൾ സന്ദർശിച്ചു. നിയമ നടപടികളുമായി ഹൈക്കോടതിയിൽ പോകുന്നതിനുള്ള എല്ലാ നിയമ സഹായങ്ങളും നൽകാമെന്ന് ഉറപ്പ് നൽകിയാണ് അവർ മടങ്ങിയത്. ലോയേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ.മുഹമ്മദ് ഷാ, ജനറൽ സെക്രട്ടറി അഡ്വ. അബു സിദ്ധീഖ്, അഡ്വ. അബ്ദുറഹിമാൻ കാരാട്, അഡ്വ.പി.പി ആരിഫ്, ജില്ലാ പ്രസി. അഡ്വ പി.സി. നജീബ്, ട്രഷറർ അഡ്വ. എ.വി അൻവർ,അഡ്വ. പി.എം. ഹനീഫ്, അഡ്വ. മുഹമ്മദ്, അഡ്വ.എ. സക്കീർ എന്നീ അഭിഭാഷകരാണ് സമരപ്രദേശം സന്ദർശിച്ചത്. നിരന്തരം ഉണ്ടാക്കുന്ന പൊലീസ് നടപടികൾ പഠിക്കാൻ രണ്ടുപേരെയും സമിതി നിയോഗിച്ചു. എ.ഐ.സി.സി വക്താവ് ഹരിപ്രിയയും ഇന്നലെ വൈകിട്ട് ആവിക്കൽ സമരഭൂമി സന്ദർശിച്ചിരുന്നു. വിഷയം എ.ഐ.സി.സി നേതൃത്വത്തിന്റെ ശ്രദ്ധയിൽപെടുത്താമെന്ന് ഉറപ്പ് നൽകിയാണ് ഹരിപ്രിയ മടങ്ങിയത്.
ശനിയാഴ്ച നടത്തിയ ജനസസഭയിൽ ചോദ്യങ്ങൾ അനുവദിക്കാത്ത സംഘാടക നയത്തിനെതിരെ നടത്തിയ പ്രതിഷേധം ഉന്തിലും തള്ളിലും കലാശിക്കുകയായിരുന്നു. സംഭവത്തിൽ വെള്ളയിൽ പൊലീസ് സ്ത്രീകളടക്കം 75 പേർക്കെതിരെ കേസെടുത്തിരുന്നു. വാഹനം തടയൽ, കൃത്യ നിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.