വടകര: സാന്റ്ബാങ്ക്സ് ടൂറിസം കേന്ദ്രത്തിന് മുന്നിലെ പാർക്കിംഗ് ഏരിയ കൈയേറി കച്ചവടത്തിന് ബങ്ക് സ്ഥാപിക്കുന്നതായി പരാതി. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെയും ഡി.ടി.പി.സിയുടെയും നേതൃത്വത്തിൽ നഗരസഭ അനുവദിച്ച ഏഴ് തട്ടുകടക്കാർക്ക് അനുവദിച്ച ബങ്കുകൾക്ക് പുറമെയാണ് കച്ചവടം ചെയ്യുന്ന രണ്ട് പേർ സ്ഥലം കൈയേറി പുതിയ ബങ്കുകൾ സ്ഥാപിക്കുന്നത്. ഇത് മറ്റു കച്ചവടക്കാർക്കും സാന്റ്ബാങ്ക്സിലെത്തുന്ന സഞ്ചാരികൾക്കും വാഹനം പാർക്ക് ചെയ്യുന്നതിനും പ്രയാസം ഉണ്ടാക്കുകയാണ്.

സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷനിൽ നഗരസഭ നഗരത്തിലെ തട്ടുകടകൾക്ക് ആധുനിക രീതിയിൽ തട്ടുകടകൾ നിർമ്മിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി സാന്റ്ബാങ്ക്സിലെ ഏഴ് തട്ടുകടകളെയും ഉൾപ്പെടുത്തിയെങ്കിലും വർഷങ്ങളായിട്ടും ഒരു തട്ടുകടക്കുള്ള ഫണ്ട് പോലും ലഭിച്ചിട്ടില്ല. സാന്റ്ബാങ്ക്സിലെത്തുന്ന സഞ്ചാരികൾക്കും പൊതുജനങ്ങൾക്കും തൊട്ടടുത്ത് താമസിക്കുന്ന വീട്ടുകാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന സർക്കാർ സ്ഥലം കൈയ്യേറിയുള്ള ബങ്ക് നിർമ്മാണം പൊളിച്ച് മാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.