plant

കോഴിക്കോട്: ആവിക്കലിൽ മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ സമരം ശക്തമാകുമ്പോൾ കോതിക്കാർ കാത്തിരിക്കുന്നത് കോടതി വിധി. കല്ലായിപ്പുഴയുടെ തീരത്ത് പുഴ കൈയേറി നിർമിക്കുന്ന പ്ലാന്റിനെതിരെ വലിയ സമരങ്ങളാണ് മാസങ്ങൾക്ക് മുമ്പ് കോതിയിൽ നടന്നത്. സംഘർഷം പതിവായതോടെ സമരസമിതി പ്രവർത്തകരും നാട്ടുകാരും ഹൈക്കോടതിയെ സമീപിച്ചു. വിശദമായ വാദംകേട്ട കോടതി അന്തിമ വിധി പറയാനിരിക്കുകയാണ്. കോടതിവിധി തങ്ങൾക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും മാറ്റം സംഭവിച്ചാൽ മേൽ കോടതിയെ സമീപിക്കുമെന്നും സമരസമിതി ചെയർമാൻ ഫൈസൽ പള്ളിക്കണ്ടി പറഞ്ഞു.
പുഴ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ദിനം പ്രതി ബോധവത്കരണം നടത്തുന്ന അധികാരികൾ പുഴ പൂർണമായും കൈയേറിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. നഗര പ്രദേശങ്ങളിലെ കക്കൂസ് മാലിന്യം കേന്ദ്രീകൃതമായി സംസ്‌കരിക്കുന്നതിനായാണ് കോതിയിൽ സംസ്‌കരണ പ്ലാന്റ് ആരംഭിക്കുന്നത്. കേന്ദ്രസംസ്ഥാന സർക്കാരുകളുടെയും കോർപറേഷന്റെയും സഹകരണത്തിൽ അമൃത് പദ്ധതി വഴിയാണ് മലിനജല സംസ്‌കരണ പദ്ധതി നടപ്പാക്കുന്നത്. ഇത്തരം പദ്ധതികൾ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലല്ല സ്ഥാപിക്കേണ്ടതെന്നുമാണ് സമരക്കാരുടെ നിലപാട്.

അതേസമയം ഒരുപ്രദേശത്തിനാകെ ഗുണം ചെയ്യുന്ന പ്ലാന്റുകളെ ചില തത്പരകക്ഷികൾ അപവാദങ്ങളിലൂടെ തടസപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നാണ് കേർപ്പറേഷൻ അധികൃതർ പറയുന്നത്. നഗര മേഖലകളിൽ അടുത്തടുത്ത് വീടുകൾ ഉള്ളതിനാൽ സെപ്റ്റിക് ടാങ്കുകളിൽ നിന്നുള്ള മാലിന്യം ഇറങ്ങി കിണർ വെള്ളം മലിനപ്പെടുന്ന സാഹചര്യം പലയിടത്തുമുണ്ട്. പ്ലാന്റ് വരുന്നതോടെ ഇതിന് പരിഹാരമാകുമെന്നാണ് കോർപ്പറേഷൻ അധികൃതരുടെ വിലയിരുത്തൽ. ഭട്ട് റോഡ്, കല്ലായിപ്പുഴയുടെ സമീപം, കടലോര ഭാഗം, റെയിൽവേ ലൈൻ പരിസരം തുടങ്ങി 5.4 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് പ്ലാന്റിന്റെ ഗുണം ലഭിക്കുക. 116 കോടിയുടെ പദ്ധതിയിൽ വീട്, അപ്പാർട്ട്‌മെന്റ്, ആശുപത്രി, സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം പൈപ്പ് ലൈൻ വഴി കണക്ഷൻ നൽകും. കക്കൂസ് മാലിന്യം പൈപ്പ് വഴി പ്ലാന്റുകളിൽ എത്തും. അത് സംസ്‌കരിച്ച് ശുദ്ധീകരിച്ച വെള്ളം ഓടയിലേക്ക് ഒഴുക്കും. മറ്റ് മാലിന്യങ്ങൾ ഞെളിയൻ പറമ്പിലെത്തിച്ച് ഖരമാലിന്യങ്ങൾക്കൊപ്പം സംസ്‌കരിക്കും. ഇത്തരമൊരു വികസന പദ്ധതി കോതിയിലും ആവിക്കലിലും ചെറുക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും കോതിയിൽ പദ്ധതിക്ക് അനുകൂലമായി കോടതി വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ പറയുന്നു.