പൊൻകുന്നം : നഗരത്തിനുള്ളിൽ അംഗീകൃത ബസ് സ്റ്റോപ്പുകളും വെയിറ്റിംഗ് ഷെഡുകളുമില്ലാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്നവർക്ക് മടങ്ങിപ്പോകാൻ കൃത്യസമയത്ത് ബസ് സ്റ്റാൻഡിൽ എത്തിയില്ലെങ്കിൽ യാത്ര മുടങ്ങുന്ന സ്ഥിതിയാണ്. ഇവിടെയും യാത്രക്കാർക്ക് സുരക്ഷിതമായി ഇരിക്കാൻ സൗകര്യമില്ല. എല്ലാ വഴികളിലും നഗരത്തിന് ഒരു കിലോമീറ്ററിനപ്പുറമാണ് വെയിറ്റിംഗ് ഷെഡുള്ളത്. അംഗീകൃത ബസ് സ്റ്റോപ്പുകളും ഇവിടെമാത്രം. തിരക്കും ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നതിനാൽ ഇടയ്‌ക്കെങ്ങും ബസ് നിറുത്തി ആളെ കയറ്റാൻ പാടില്ലെന്നാണ് അധികൃതരുടെ നിർദ്ദേശം.
ദേശീയപാതയിൽ കോട്ടയം വഴിയ്ക്ക് മാർക്കറ്റ് ജംഗ്ഷനിലും കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോസ്റ്റ്ഓഫീസ് ജംഗ്ഷനിലും വെയിറ്റിംഗ് ഷെഡ്ഡും ബസ് സ്റ്റോപ്പും അനുവദിക്കണമെന്ന ആവശ്യം കാലങ്ങളായി ഉയരുന്നതാണ്. പൊൻകുന്നം - പാലാ റോഡിൽ ഒരു കിലോമീറ്ററിനപ്പുറം പ്രശാന്ത് നഗറിലാണ് ആദ്യത്തെ കാത്തിരിപ്പുകേന്ദ്രം. പാലാ റോഡിൽ കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ വെയിറ്റിംഗ് ഷെഡ് സ്ഥാപിക്കണമെന്നാണ് ആവശ്യമുയരുന്നത്.

മണിമല റോഡിൽ വലയും

മണിമല റോഡിലാണ് ബസ് സ്റ്റോപ്പില്ലാത്തതിനാൽ യാത്രക്കാർ വലയുന്നത്. ഇവിടെ ചിറക്കടവിന് തിരിയുന്ന സെൻട്രൽ ജംഗ്ഷനിൽ വെയിറ്റിംഗ് ഷെഡ് അത്യാവശ്യമാണ്. നേരത്തെ ഇവിടെ സ്റ്റോപ്പ് ഉണ്ടായിരുന്നതിനാൽ നിരവധി യാത്രക്കാരാണ് പ്രതീക്ഷയോടെ ബസ് കാത്തു നിൽക്കുന്നത്. എന്നാൽ പലപ്പോഴും ബസുകൾ നിറുത്താറില്ല. ചിറക്കടവ് ഭാഗത്തുനിന്നുള്ള കച്ചവടക്കാരും മറ്റുമാണ് യാത്രക്കാരിൽ ഏറെയും. ഷോപ്പിംഗിനെത്തുന്ന ഇവരുടെ കൈവശം ഒന്നിലധികം കെട്ടുകൾ ഉണ്ടാകും.

സമീപ പട്ടണങ്ങളിൽ ഉള്ളതുപോലെ നഗരത്തിനുള്ളിൽ ആവശ്യത്തിന് ബസ് സ്റ്റോപ്പുകളും വെയിറ്റിംഗ് ഷെഡുകളും അനുവദിക്കണം

സതീഷ്, യാത്രക്കാരൻ