പൊൻകുന്നം : പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഓഫീസ് ഒരുമാസത്തിലേറെയായി പൂട്ടിയ നിലയിൽ. പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസിന്റെ ബോർഡും എടുത്തു മാറ്റി. സ്റ്റേഷൻ മാസ്റ്റർ തസ്തികയിലെ ജീവനക്കാരുടെ എണ്ണക്കുറവാണ് ഇതിന് കാരണമായി പറയുന്നത്. ഇതിന് പുറമെ കണ്ടക്ടർമാർക്ക് ആദർ ഡ്യൂട്ടി പ്രകാരം സ്റ്റേഷൻ മാസ്റ്ററായി പ്രവർത്തിക്കേണ്ടതില്ലെന്ന നിർദ്ദേശവും ലഭിച്ചതായും ഇതിന്റെ അടിസ്ഥാനത്തിൽ ഓഫീസ് നിറുത്തലാക്കിയെന്നുമാണ് അറിയുന്നത്. ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്നവർ വിവിധ സ്ഥലങ്ങളിലേക്കുള്ള ഫാസ്റ്റ് അടക്കമുള്ള ബസുകളുടെ സമയവിവരം തിരക്കുന്നത് ഇവിടെയായിരുന്നു. ഓഫീസ് നിറുത്തിയതോടെ യാത്രക്കാർക്ക് കെ.എസ്.ആർ.ടി.സി ബസുകളുടെ സമയക്രമം അറിയാനാകുന്നില്ല. സ്വകാര്യബസ് ലോബിയെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.