
ചങ്ങനാശേരി: രോഗമില്ലാത്തവർ രോഗിയായി മടങ്ങുന്ന അവസ്ഥ. ആശുപത്രി പരിസരമാകെ മാലിന്യം. പെരുന്ന ഗവ. ആയുർവേദ ആശുപത്രിയുടെയും ഇവിടെയെത്തുന്ന രോഗികളുടെയും അവസ്ഥ പരിതാപകരമെന്ന് പറയാം.
നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന പെരുന്ന ഗവ.ആയുർവേദ ആശുപത്രി പരിസരം മാലിന്യത്തിൽ മുങ്ങിയെന്ന് പറയാം. ചങ്ങനാശേരിയുടെ പടിഞ്ഞാറൻ മേഖലയിൽ നിന്ന് ഉൾപ്പെടെ നിരവധി രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. പക്ഷേ ആശുപത്രിയുടെ കാര്യത്തിൽ വൃത്തി ഏഴയിലത്ത് പോലും പോയിട്ടില്ല. ആശുപത്രിയിലെ കക്കൂസ് ടാങ്ക് പൊട്ടി ഒഴുകുന്ന സ്ഥിതി ഇപ്പോഴും തുടരുകയാണ്. മലിനജലം കെട്ടിക്കിടന്ന് കൊതുകുകൾ പെരുകുകയാണ്. ഇത് രോഗികൾക്ക് ഗുരുതര ആരോഗ്യപ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. പുതിയതായി രണ്ടു ടാങ്കുകൾ സ്ഥാപിച്ച് പ്രശ്‌നം പരിഹരിക്കാൻ കഴിഞ്ഞ സാമ്പത്തിക വർഷം കൊണ്ടുവന്ന പദ്ധതി സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് നടന്നില്ല.
നഗരസഭ മുനിസിപ്പൽ എൻജിനീയറുടെ ക്വാർട്ടേഴ്‌സിലേക്ക് ഏഴ് വർഷം മുമ്പാണ് ആയുർവേദ ആശുപത്രി വാടക കെട്ടിടത്തിൽ നിന്നും മാറി പ്രവർത്തനം ആരംഭിച്ചത്. ആശുപത്രിയ്ക്ക് സ്വന്തമായി സ്ഥലം കണ്ടെത്തി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിർമ്മിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നഗരസഭ സ്ഥലം വിട്ടുനൽകുകയാണെങ്കിൽ ഡിപ്പാർട്ട്‌മെന്റ് കെട്ടിടം നിർമ്മിച്ചു നൽകുന്നതിനായി ആയുഷ് പദ്ധതി പ്രകാരം ഒരു കോടി രൂപ അനുവദിക്കും. നാളിതുവരെയായി നടപടിയായിട്ടില്ല. 60 പേർക്ക് കിടത്തി ചികിത്സ നൽകാൻ കഴിയുന്ന ആശുപത്രിയിൽ നിലവിൽ 10 പേർക്ക് മാത്രമാണ് കിടത്തി ചികിത്സ സൗകര്യമുള്ളത്. ഫാർമസിക്കോ, ഓരോ സ്‌പെഷ്യൽ വിഭാഗം ഡോക്ടർമാർക്കോ പ്രത്യേക ചികിത്സമുറികൾ ഇല്ല. ജനറൽ മെഡിസിൻ, വിഷ ചികിത്സ, ഗൈനക്കോളജി എന്നിങ്ങനെ മൂന്ന് ഡോക്ടർമാർ ഇവിടെ സേവനം ചെയ്യുന്നുണ്ട്.
നടപടി വേണം
മാലിന്യപ്രശ്നം പരിഹരിക്കാൻ മുൻസിപ്പൽ അധികൃതരും ജില്ലാ ശുചിത്വമിഷനും ആരോഗ്യവകുപ്പും അടിയന്തിരമായി ഇടപെടണമെന്ന് ആം ആദ്മി പാർട്ടി ചങ്ങനാശേരി നിയോജകമണ്ഡലം കമ്മറ്റി കൺവീനർ തോമസ് കെ.മാറാട്ടുകളം, അലി സുജാദ്, അപ്പച്ചൻകുട്ടി മരങ്ങാട്ട്, സക്കറിയ മാറാട്ടുകളം എന്നിവർ ആവശ്യപ്പെട്ടു.