പാലാ: ബൈപാസിന്റെ ഒന്നാം റീച്ച് പൂർത്തീകരണത്തിനായി ഒരു കോടി 32 ലക്ഷം രൂപയുടെ ടെൻഡർ നടപടികളായതായി മാണി സി.കാപ്പൻ എം.എൽ.എ അറിയിച്ചു. സിവിൽ സ്റ്റേഷൻ മുതൽ ആർ.വി ജംഗ്ഷൻ വരെയുള്ളതാണ് റീച്ച് ഒന്ന്. ഈ ഭാഗത്തെ കെട്ടിട ഭാഗങ്ങൾ പൊളിച്ചുനീക്കി.
34 അവകാശികളുള്ള നാലുനില മന്ദിരമായ സൂര്യാ ലോഡ്ജിന്റെ ഭാഗങ്ങൾ പൊളിച്ചു നീക്കുന്നതിന് ബന്ധപ്പെട്ട കക്ഷികൾക്ക്നോട്ടീസ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഒഴിഞ്ഞുമാറിയിട്ടുണ്ട്. ഇവർക്കുള്ള നഷ്ടപരിഹാരവും അനുവദിച്ചിരുന്നു. സൂര്യാ ലോഡ്ജിന്റെ ഭാഗം പൊളിച്ചു നീക്കുന്നതിനായുള്ള ടെൻഡർ സൂപ്രണ്ടിംഗ് എഞ്ചിനീയർ നടപടി സ്വീകരിക്കുന്നതോടെ പൂർത്തീകരിക്കും. നടപടികൾ വേഗത്തിലാക്കുന്നത് സംബന്ധിച്ചു മന്ത്രി പി.എ മുഹമ്മദ് റിയാസുമായി ചർച്ച നടത്തിയതായും മാണി സി.കാപ്പൻ പറഞ്ഞു. പാലാ ബൈപ്പാസ് നേരത്തെ യഥാർത്ഥ്യമായെങ്കിലും സ്ഥലം ഏറ്റെടുക്കാൻ നിശ്ചയിച്ച വില നിർണയത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി 13 സ്ഥലമുടമകൾ കോടതിയെ സമീപിക്കുകയായിരുന്നു. ഇതേതുടർന്ന് ബൈപാസ് പൂർത്തീകരണം തടസപ്പെട്ടു. ളാലംപള്ളി ജംഗ്ഷൻ മുതൽ സിവിൽ സ്റ്റേഷൻവരെയുള്ള ഭാഗത്താണ് റോഡിന് വീതിയില്ലാതെ വന്നത്. നടപടികളൊന്നുമില്ലാതെ കിടന്ന ബൈപ്പാസിന്റെ പൂർത്തീകരണത്തിന് മാണി സി.കാപ്പൻ എം.എൽ.എ ആയതോടെയാണ് തുടക്കംകുറിച്ചത്.