
കോട്ടയം. കുടംപുളിയിട്ടു വച്ച മീൻകറി കോട്ടയം സ്പെഷ്യലാണ്. എന്നാലിനി അതിനും വിലയൽപ്പം കൂടുതൽ കൊടുക്കണം. കിലോയ്ക്ക് 250 രൂപയുണ്ടായിരുന്നത് 300ന് മുകളിലായി. ഇപ്പോൾ കുടംപുളിയുടെ സീസണായിട്ടും വില കൂടുകയാണ് ചെയ്തത്.
കുടംപുളി വ്യാപകമായി ഉപയോഗിക്കുന്നത് കറികളിലാണ് പ്രത്യേകിച്ച് മീൻകറിയിൽ. നാട്ടിൽപുറങ്ങളിലും മറ്റും പ്രത്യേക പരിപാലനം കൂടാതെ വളർന്നുവരുന്ന മരമാണിത്. പടിഞ്ഞാറൻ മേഖലകളായ കുമരകം, പരിപ്പ്. തിരുവാർപ്പ് മേഖലകളിലാണ് വ്യാപകമായി കുടംപുളി ഉണ്ടാകുന്നത്.
ഡിസംബർ, ജനുവരി മാസങ്ങളിൽ പൂവിടുന്ന കുടംപുളി ജൂണോടെ പഴുത്ത് പാകമാകും. മൂപ്പെത്തിയ കായ്കൾ ആദ്യം കഴുകി തോടു വേർതിരിക്കും. നല്ല വെയിലിൽ ഉണക്കിയ ശേഷം പുകയത്തോ, ചൂളകളിലോ ഏകദേശം 80 ഡിഗ്രി സെൽഷ്യസിൽ ഒന്നു കൂടി ഉണക്കും. നന്നായി ഉണങ്ങുമ്പോൾ കറുത്തനിറത്തിലാകും. ഇങ്ങനെ ഉണങ്ങിയ പുളി ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാം.
പ്രാദേശികമായി കുടംപുളി ഉദ്പാദിപ്പിച്ച് ഉണക്കി വിൽപ്പന നടത്തുകയാണ് ചെയ്യുന്നത്. ആധുനിക അടുക്കള വന്നതോടെ കുടംപുളി പുകയിത്തിട്ട് ഉണക്കിയെടുക്കുന്നത് ബുദ്ധിമുട്ടായി. കടകളിൽ എത്തുന്ന കുടംപുളി മിക്കവാറും തമിഴ്‌നാട്ടിൽ നിന്നുള്ളതാണ്. ഇവയ്ക്ക് നാടൻ പുളിയേക്കാൾ വില കുറവാണ്. വാട്ട്‌സ് ആപ്പുകൾ ഗ്രൂപ്പുകൾ വഴിയും കുടംപുളിയുടെ വിൽപന നടക്കുന്നുണ്ട്. വീടുകളിൽ ഉദ്പാദിപ്പിക്കുന്ന നാടൻ പുളിക്ക് വിദേശങ്ങളിലും ഡിമാന്റുണ്ട്.