
കോട്ടയം. ദിവസവും 50 പേരാേളം തെരുവുനായയുടെ കടി കാെള്ളുന്നു. എന്നിട്ടും അധികൃതർ അനങ്ങുന്നില്ല! വാക്സിനുണ്ടല്ലോ പിന്നെയെന്താ കടി കൊണ്ടാൽ എന്ന ഭാവത്തിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ. ഇന്നലെയും തെരുവുനായയുടെ ആക്രമണത്തിൽ ആളുകൾ ചികിത്സ തേടിയിട്ടുണ്ട്. ജില്ലയിൽ ഈ വർഷം ഇതുവരെ 4781 പേരെയാണ് നായ കടിച്ചത്.
നഗരമായാലും നാട്ടിൻപുറമായാലും വീട്ടിൽ നിന്ന് വടിയുമായി പുറത്തിറങ്ങേണ്ട സ്ഥിതിയാണ്. കഴിഞ്ഞ ദിവസം മാഞ്ഞൂരിൽ മൂകയും ബധിരയുമായ അമ്മയ്‌ക്കൊപ്പം അങ്കണവാടിയിൽ നിന്നു പോകുകയായിരുന്ന മൂന്നുവയസുകാരിയെ തെരുവു നായ കടിച്ചുവലിച്ചിരുന്നു. വഴിയിലും കവലയിലും മാർക്കറ്റിലുമെല്ലാം തെരുവുനായകൾ ഘോഷയാത്ര നടത്തുകയാണ്. ഏതാനും വർഷങ്ങൾക്കു മുമ്പ് ജില്ലാ പഞ്ചായത്ത് മുൻകൈ എടുത്തു നടപ്പാക്കിയ വന്ധ്യകരണപദ്ധതി തദ്ദേശസ്ഥാപനങ്ങൾ പൂട്ടിക്കെട്ടിയതോടെയാണ് തെരുവുനായ ശല്യം ഇത്രമേൽ വർദ്ധിച്ചത്.
പ്രതിദിനം ചികിൽസയ്ക്ക് എത്തുന്നത് 50 പേരോളം.
വാക്സിൻ വേണ്ടത്രയുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ ഉറപ്പ്.
തെരുവുനായ വന്ധ്യംകരണ പദ്ധതി പൂട്ടിക്കെട്ടി
കടിയേറ്റവരുടെ എണ്ണം.
2020: 9978.
2021: 6805.
2022 : 4781.
ജില്ലയിലെ ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിൽ പേവിഷ പ്രതിരോധ വാക്‌സിൻ സ്റ്റോക്കുണ്ട്. 6 മാസം വരെയാണ് ഇതിന്റെ കാലാവധി. ശരാശരി 30-50 പേർ ദിവസവും ചികിത്സയ്ക്ക് എത്തുന്നുണ്ട്. വാക്സിനുകളായ ഐ.ഡി.ആർ.വി, ആന്റി റാബിസ് സീറം (എ.ആർ.എസ്) എന്നിവയ്ക്കും ക്ഷാമമില്ല.