നഗരസഭ ആരോഗ്യവിഭാഗം ഉടൻ റിപ്പോർട്ട് നൽകും
പാലാ: ഞൊണ്ടിമാക്കൽ തോണിക്കുഴിപ്പറമ്പിൽ സോണിയായുടെ വീട്ടുമുറ്റത്തേക്കും ഓലിയിലേക്കും ഒലിച്ചിറങ്ങുന്ന മലിനജലം തൊട്ടടുത്തുള്ള തട്ടുകടയിൽ നിന്നുതന്നെയാണെന്ന് മുനിസിപ്പൽ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ കണ്ടെത്തി. ഇതുസംബന്ധിച്ച റിപ്പോർട്ട് നാളെ മുനിസിപ്പൽ സെക്രട്ടറിക്കും ചെയർമാനും സമർപ്പിക്കും. ഇതേതുടർന്ന് മറ്റ് നിയമനടപടികളും സ്വീകരിക്കും.ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയപ്പോൾ പാത്രം കഴുകിയ വെള്ളവും മറ്റും നേരിട്ട് സോണിയയുടെ വീട്ടുമുറ്റത്ത് എത്താൻ പാകത്തിൽ ഒഴുക്കിവിടുന്നതായി കണ്ടുവെന്ന് പരിശോധകസംഘത്തിലെ ഒരാൾ കേരളകൗമുദിയോട് പറഞ്ഞു. മലിനജലം പുറത്തേക്ക് ഒഴുക്കുന്നത് ശരിയല്ലെന്നും തട്ടുകടയോട് ചേർന്ന് എവിടെയെങ്കിലും സെ്ര്രപിക് ടാങ്ക് നിർമ്മിച്ച് മലിനജലം ശേഖരിക്കണമെന്നും ഉദ്യോഗസ്ഥസംഘം തട്ടുകടയുടമയോട് ആവശ്യപ്പെട്ടു. പിന്നീട് സോണിയയുടെ വീട്ടുമുറ്റത്തെ ഓലിയിൽ നിന്നുള്ള വെള്ളത്തിന്റെ സാമ്പിളും ആരോഗ്യവിഭാഗം പ്രവർത്തകർ ശേഖരിച്ചു. സ്ഥലത്തെ ചിത്രങ്ങളും പകർത്തി.
ധാർഷ്ട്യം നിറഞ്ഞ മറുപടി
തന്റെ മൂന്ന് സെന്റിലുള്ള കൊച്ചുവീട്ടിലേക്ക് തട്ടുകടയിലെ മലിനജലം ഒഴുകിയിറങ്ങുന്നതായി സോണിയ പലതവണ പാലാ നഗരസഭ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ആരോഗ്യവിഭാഗം സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനും അയൽവാസിയുമായ ബൈജു കൊല്ലംപറമ്പിലിനെ തന്റെ ദുരിത ജീവിതം ചൂണ്ടിക്കാട്ടി സോണിയ സമീപിച്ചെങ്കിലും ധാർഷ്ട്യം നിറഞ്ഞ മറുപടിയാണ് ഉണ്ടായതെന്നും സോണിയ പരാതിപ്പെട്ടിരുന്നു.