കടുത്തുരുത്തി: തളിയിൽ മഹാദേവ ക്ഷേത്രത്തിലെ കൊടിമരത്തിൽ സ്വർണപറകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു. ചെന്നൈയിലെ കമ്പനിയിൽ നിന്നും സ്വർണം പൂശി ക്ഷേത്രത്തിൽ എത്തിച്ച പറകളാണ് കൊടിമരത്തിൽ സ്ഥാപിക്കുന്നത്. ശില്പി ഭക്തിയൂർ സുരേഷ് ബാബുവാണ് കൊടിമരത്തിൽ സ്വർണപറകൾ ഉറപ്പിക്കുന്നത്. 9ന് രാവിലെ 9.50നും 11നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ തന്ത്രി മനയത്താറ്റ് ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് സ്വർണകൊടിമര പ്രതിഷ്ഠ നടക്കുന്നത്. പ്രതിഷ്ഠാ ഉത്സവത്തിന് മുന്നോടിയായുള്ള ദ്രവ്യകലശവും നവീകരണക്രിയകളും തുടങ്ങി. 6ന് നവീകരണകലശം നടക്കും. സ്വർണ കൊടിമരത്തിൽ ഉയർത്താനുള്ള കൊടിക്കൂറയുടെയും കൊടിക്കയറിന്റെയും സമർപ്പണ ചടങ്ങുകൾ ഇന്ന് വൈകിട്ട് നാലിനു ക്ഷേത്ര അലങ്കാര ഗോപുരത്തിൽ നിന്ന് ആരംഭിക്കും. കൊടിക്കൂറ സമർപ്പിക്കുന്നത് തിരുപ്പതി ഫ്രണ്ട്‌സും കൊടിക്കയർ സമർപ്പിക്കുന്നത് തങ്കമ്മ നാണപ്പൻ മഠത്തിക്കന്നേലുമാണ്. കൊടിക്കൂറയും കൊടിക്കയറും നിർമ്മിച്ച് നൽകുന്ന ചെങ്ങളം ശ്രീകലയിൽ ഗണപതി നമ്പൂതിരിക്ക് സ്വീകരണം നൽകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ പി എം തങ്കപ്പൻ, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ശ്രീകുമാർ തെക്കേടത്ത്, വൈസ് പ്രസിഡന്റ് എം.കെ സാംബജി, സെക്രട്ടറി പി ടി വേണു, ജോ.സെക്രട്ടറി ഗിരീഷ് കുമാർ എന്നിവർ നേതൃത്വം നൽകും.