തീയറ്റര്‍ നിര്‍മ്മാണത്തിന് ഇന്ന് തുടക്കം കുറിക്കും
വൈക്കം: വൈക്കത്തെ കലാപ്രേമികളുടെ ചിരകാലസ്വപ്നമായ സിനിമ തീയേറ്റർ നിർമ്മാണത്തിന് ഇന്ന് തുടക്കമാകും. വൈക്കം നഗരസഭ ആറാട്ടുകുളങ്ങരയ്ക്ക് സമീപം അനുവദിച്ച സ്ഥലത്ത് നിർമ്മിക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മൾട്ടിപ്ലക്‌സ് തീയേറ്റർ സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം രാവിലെ 11.30ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ആറ് വർഷങ്ങൾക്ക് മുൻപ് കായലോര ബീച്ചിന്റെ വികസനത്തിന്റെ ഭാഗമായാണ് സമീപത്തുള്ള 40 സെന്റ് സ്ഥലത്ത് തീയറ്റർ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 2016 ഡിസംബർ 13ന് തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലക്‌സിൽ വച്ചാണ് സി.കെ ആശ എം.എൽ.എയും അന്നത്തെ നഗരസഭ ചെയർമാൻ എൻ.അനിൽ ബിശ്വാസും ചേർന്ന് സ്ഥലം കൈമാറുന്നതിനുള്ള സമ്മതപത്രം സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് കൈമാറിയത്. തുടർന്ന് കരാർ ഒപ്പിടുകയും ചെയ്തു. പിന്നീട് തീദേശ പരിപാലന നിയമത്തിന്റെ പരിധിയിൽ വരുന്നതിനാൽ ഉണ്ടായ സാങ്കേതിക തടസം മൂലമാണ് തീയറ്റർ നിർമ്മാണം ആറാട്ടുകുളങ്ങരയിലുള്ള വ്യവസായ എസ്റ്റേറ്റിലേക്ക് മാറ്റിയത്. അഗ്‌നിരക്ഷാസേന ഓഫീസ് പ്രവർത്തിക്കുന്ന പുരയിടത്തോട് ചേർന്നുള്ള 90 സെന്റ് സ്ഥലമാണ് പാട്ടവ്യവസ്ഥയിൽ നഗരസഭ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷന് നൽകിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ സി.കെ ആശ എംഎൽഎ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി, നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ്, വൈസ് ചെയർമാൻ പി.ടി സുഭാഷ് തുടങ്ങിയവർ പങ്കെടുക്കും.
രണ്ട് സ്‌ക്രീനുകൾ
കിഫ്ബിയുടെ സഹായത്തോടെ 15.56 കോടി രൂപ ചെലവഴിച്ച് രണ്ടു സ്‌ക്രീനുകളിലായി 380 സീറ്റുകളുള്ള സമുച്ചയമാണ് വൈക്കത്ത് നിർമ്മിക്കുന്നതെന്ന് സി.കെ ആശ എം.എൽ.എ പറഞ്ഞു. 4കെ ത്രീഡി ലേസർ പ്രൊജക്ഷൻ, ഡോൾബി അറ്റ്‌മോസ് സൗണ്ട് സിസ്റ്റം, ജെബിഎൽ സ്പീക്കർ, സിൽവർ സ്‌ക്രീൻ, എൽഇഡി ഡിസ്‌പ്ലേ, സോഫ പുഷ് ബാക്ക് ഇരിപ്പിടങ്ങൾ, ലിഫ്റ്റ്, ഷോപ്പുകൾ, ക്യാന്റീൻ, വിശാലമായ പാർക്കിംഗ് തുടങ്ങിയ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒന്നര വർഷത്തിനകം തിയേറ്റർ പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷ.