കോട്ടയം: എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ കമ്മിറ്റിയുടെയും, യൂണിയൻ ഭാരവാഹികളുടെയും ആദ്യ എക്‌സിക്യൂട്ടീവ് യോഗം നാഗമ്പടം മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നു. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി ചെയർമാൻ ശ്രീദേവ് കെ.ദാസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതി ജോയിന്റ് സെക്രട്ടറി സജീഷ് മണലേൽ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറി അനിൽ കണ്ണാടി, കേന്ദ്ര സമിതി അംഗം വിവേക് വൈക്കം തുടങ്ങിയവർ പങ്കെടുത്തു. ആഗസ്റ്റ് 6ന് കോട്ടയത്ത് നടക്കുന്ന യോഗ ജ്വാല കോട്ടയം ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിന് ആവശ്യമായ തുടർനടപടികൾ തീരുമാനിച്ചു. ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗമായ അനിൽ കണ്ണാടി, എരുമേലി യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗമായ ഷിൻ ശ്യാമളൻ തുടങ്ങിയവരെ ആദരിച്ചു. സൈബർ സേന കേന്ദ്ര സമിതി വൈസ് ചെയർമാൻ ഷെൻസ് സഹദേവൻ, സൈബർ സേന ജില്ലാ ചെയർമാൻ ബിബിൻ ഷാൻ, കൺവീനർ സുരേഷ് പെരുന്ന, യൂത്ത്മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി അംഗങ്ങൾ, വിവിധ യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. കൺവീനർ അനീഷ് ഇരട്ടയാനി സ്വാഗതവും യൂത്ത്മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി ട്രഷറർ പ്രശാന്ത് മനന്താനം നന്ദിയും പറഞ്ഞു.