കോട്ടയം : മഴ വീണ്ടും ശക്തി പ്രാപിച്ചതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയം റോഡ്, എസ്.എച്ച് മൗണ്ട് റോഡ്, കെ.എസ്.ആർ.ടി.സി കല്യാൺ റോഡ്, വടവാതൂർ, താന്നിക്കൽപ്പടി, സംക്രാന്തി പൂവത്തുംമൂട് റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് വാഹനയാത്രക്കാരെ ദുരിതത്തിലാക്കി. മുട്ടൊപ്പം വെള്ളമാണ് ഇവിടെയുണ്ടായിരുന്നത്. ഇൻഡോർ സ്‌റ്റേഡിയത്തിലെ പ്രാർത്ഥനാലായത്തിലെ പ്രാർത്ഥനയ്ക്ക് ശേഷം മടങ്ങിയ വിശ്വാസികൾ വെള്ളക്കെട്ടിൽ അകപ്പെട്ടു. ഓട നിറഞ്ഞ് മലിനജലവും റോഡിലൂടെ പരന്നൊഴുകി. നാഗമ്പടം ട്രാഫിക് ഐലന്റിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ റോഡും വെള്ളത്തിൽ മുങ്ങി. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നുള്ള ചെളിനിറഞ്ഞ വെള്ളം കല്യാൺ റോഡിലൂടെ മാർക്കറ്റ് റോഡ് വരെ നീണ്ടു. നാഗമ്പടം എസ്.എച്ച് മൗണ്ട് റോഡിൽ, ഫെഡറൽ ബാങ്കിന് മുൻവശത്ത് വലിയതോതിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. വടവാതൂർ, താന്നിക്കൽപ്പടി റോഡിലും മൂടിയില്ലാത്ത ഓട കവിഞ്ഞ് വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡരികിലെ ഓടകൾക്ക് മൂടിയില്ലാത്തതും മഴക്കാല പൂർവശുചീകരണം യഥാസമയം നടപ്പിലാക്കാത്തതുമാണ് വെള്ളക്കെട്ടിന് ഇടയാക്കുന്നതെന്നാണ് ആക്ഷേപം.