brdg

കോട്ടയം. ആർത്തലച്ചൊഴുകുന്ന മീനച്ചിലാറിന് കുറുകെയുള്ള തൂക്കുപാലം. പാലത്തിൽ നിന്നു നോക്കിയാൽ പരന്നൊഴുകുന്ന പുഴയും പച്ചപ്പു നിറഞ്ഞ പുൽമേടുകളും. സഞ്ചാരികൾക്ക് കുളിർമയേകുന്ന കാഴ്ചയാണ് സംക്രാന്തി- പേരൂർ റൂട്ടിലെ കിണറ്റിൻമൂട്ടിൽ മൈലപ്പള്ളിക്കടവ് സമ്മാനിക്കുന്നത്. സഞ്ചാരികൾക്കൊപ്പം ഫോട്ടോഷൂട്ടുകാരും ഇവിടേയ്ക്ക് കൂടുതലായി എത്തിക്കൊണ്ടിരിക്കുന്നു. അവധി ദിനങ്ങളിൽ വലിയ തിരക്കാണ്.

മഴക്കാലമായതോടെ വലവീശാനും ചൂണ്ടയിടാനും നിരവധി പേർ ഇവിടെ എത്തുന്നുണ്ട്. പാലത്തിന് മുകളിൽ നിന്ന് ഈ ദൃശ്യങ്ങൾ വീക്ഷിക്കാമെന്നതും പ്രത്യേകതയാണ്. ആറിന് 25 അടിയോളം താഴ്ചയുള്ള ഭാഗമാണിത്. കടുത്ത വേനലിലും ജലനിരപ്പ് വലിയതോതിൽ താഴാറില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. കാഴ്ചയിൽ സുന്ദരമാണെങ്കിലും ഇവിടെ അപകടവും പതിയിരിപ്പുണ്ട്. നീന്തൽ അറിയാതെ വെള്ളത്തിൽ ഇറങ്ങി നിരവധി മുങ്ങിമരണങ്ങളും ഉണ്ടായിട്ടുണ്ട്. അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും ഗൗനിക്കാറില്ല.

പത്തുവർഷം പഴക്കമുള്ള പാലം.

വിജയപുരം പഞ്ചായത്തിന്റെ മൂന്നാം വാർഡിലും ഏറ്റുമാനൂർ മുൻസിപ്പാലിറ്റിയുടെ 18-ാം വാർഡിലുമായാണ് പാലം . 2012ൽ മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആണ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഒരുകോടി 12 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മിച്ചത്. ഏറ്റുമാനൂർ, വിജയപുരം, പേരൂർ, തിരുവഞ്ചൂർ, മണർകാട്, കഞ്ഞിക്കുഴി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാമെന്നതിനാൽ നിരവധി പേരാണ് പാലത്തിലൂടെ ദിനംപ്രതി കടന്നു പോകുന്നത്. മുൻപ് ഇരുകരകളെയും ബന്ധിപ്പിക്കുന്ന കടത്തുണ്ടായിരുന്നു. പാലം വന്നതോടെ അതുനിലച്ചു.

വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സുരേഷ് ബാബു പറയുന്നു.

വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച പാലത്തിന്റെ പല ഭാഗങ്ങളും തുരുമ്പെടുത്ത നിലയിലാണ്. നവീകരണത്തിനായി പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ 26 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് എടുത്തിട്ടുണ്ട്. പഞ്ചായത്ത് ഫണ്ട് തികയാത്തിനാൽ ജില്ലാ പഞ്ചായത്ത്, എം.എൽ.എ എന്നിവരെ സമീപിക്കും.

ഇങ്ങിനെയെത്താം.

കോട്ടയത്തു നിന്ന് സംക്രാന്തി വഴി 7 കിലോമീറ്ററും ഏറ്റുമാനൂരിൽ നിന്ന് 6 കിലോമീറ്ററുമാണ് ദൂരം.