കുമരകം: കൃഷിയിൽ സംസ്ഥാനം സ്വയം പര്യാപ്തമാവുകയാണ് ലക്ഷ്യമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ഭക്ഷ്യോത്പന്നങ്ങളുടെ കാര്യത്തിൽ കേരളത്തിൽ വളർച്ചയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളകൗമുദിയും കൃഷി വകുപ്പും സംയുക്തമായി കുമരകത്ത് സംഘടിപ്പിച്ച 'ഞങ്ങളും കൃഷിയിലേയ്ക്ക്' കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരന്നു അദ്ദേഹം.
എല്ലാവരിലേയ്ക്കും കാർഷിക സംസ്കാരം പകരാനായി ആവിഷ്കരിച്ച പദ്ധതിയാണ് ഞങ്ങളും കൃഷിയിലേയ്ക്ക്. വിഷമയമായ അന്യസംസ്ഥാന പച്ചക്കറികളെ ആശ്രയിക്കാതെ സ്വയംപര്യാപ്തത കൈവരിക്കാൻ പദ്ധതിയിലൂടെ കഴിയും. 5.50 ടണ്ണായിരുന്ന ഭക്ഷ്യോദ്പാദനം ഇപ്പോൾ 17.5 ടണ്ണിലേയ്ക്ക് ഉയർന്നു. എല്ലാവർക്കും കൃഷിയുടെ പ്രാധാന്യം മനസിലായതിന്റെ തെളിവാണിത്. സമൂഹ്യ പ്രതിബദ്ധത എന്നും കേരളകൗമുദി ഉയർത്തിക്കാട്ടിയിട്ടുണ്ട്. ജനനൻമയ്ക്കായി പത്രപ്രവർത്തനം നടത്തുന്നതിനൊപ്പം സമൂഹത്തിന്റെ നാനാമേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കുന്ന നല്ലസംസ്കാരം കൂടി കേരളകൗമുദി പകർന്നു നൽകുന്നുണ്ട്. മാതൃകാപരമായ പ്രവർത്തനമാണിതെന്നും അദ്ദേഹം പറഞ്ഞു.
കുമരകം കൃഷി ഓഫീസർ ബി.സുനൽ, അഡ്വ.സലിംദാസ് ഇല്ലിക്കളം, മുതിർന്ന കർഷകൻ ജോയി ഇട്ടുപ്പ്, എസ്.കെ.എം സ്കൂൾ ഹരിത സേനാംഗങ്ങൾ എന്നിവർക്ക് കേരളകൗമുദിയുടെ ഉപഹാരം നൽകി മന്ത്രി ആദരിച്ചു. കേരളകൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ ഗീതാ വർഗീസ് മുഖ്യപ്രഭാഷണം നടത്തി. കൃഷി ഓഫീസർ ബി.സുനൽ വിഷയാവതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, ജില്ലാ പഞ്ചായത്ത് അംഗം കെ.വി.ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കവിതാ ലാലു, പഞ്ചായത്തംഗം മായ സരേഷ്, എസ്.കെ.എം ദേവസ്വം പ്രസിഡന്റ് അഡ്വ. വി.പി.അശോകൻ, സെക്രട്ടറി കെ.ഡി സലിമോൻ, കെ.കേശവൻ, ഫിലിപ്പ് സ്‌കറിയ, എ.വി.തോമസ്, പി.കെ.സേതു, വി.എസ് പ്രദീപ് കുമാർ, എം.എൻ.മുരളീധരൻ, ഉഷാ സലി, ഡി.ജി പ്രകാശൻ എന്നിവർ പ്രസംഗിച്ചു. കേരളകൗമുദി സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് വി.ജയകുമാർ സ്വാഗതവും കുമരകം ലേഖകൻ എ.പി.സലിമോൻ നന്ദിയും പറഞ്ഞു.