കോട്ടയം: കാലവർഷം ശക്തമായതോടെ ജില്ലയിൽ പല സ്ഥലങ്ങളിലും നാശനഷ്ടം. പല സ്ഥലങ്ങലിലും വെള്ളക്കെട്ടും രൂപപ്പെട്ടു. ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ആറുവരെ മഞ്ഞ ആലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊൻപള്ളി കളത്തിപ്പടി കിടാരത്തിൽ ജിനുവിന്റെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേയ്ക്ക് തെങ്ങ് കടപുഴകി വീണു. മുക്കൂട്ടുതറ ഓലക്കുളം വട്ടംതൊട്ടിയിൽ മാത്യുവിന്റെ വീടിന് മുകളിലേയ്ക്കും തെങ്ങ് മറിഞ്ഞു വീണ് നാശമുണ്ടായി. 24 മണിക്കൂറിനുള്ളിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം. ഇന്നലെ ജില്ലയിൽ 15.4 മില്ലീ മീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. മഴ ശക്തമായതോടെ മണിമല, മീനച്ചിലാറുകളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. അതേസമയം, മഴ ശക്തമായി തുടർന്നാൽ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ദുരിതം ഇരട്ടിക്കും. തോടുകളിൽ പായലും പോളയും നിറഞ്ഞുകിടക്കുന്നതും ചെളിയും വെള്ളപ്പൊക്കത്തിനും സാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്.

കാലവർഷം ഇപ്പോഴും കുറവ്

മഴ ശക്തമായെങ്കിലും ലഭിക്കേണ്ട കാലവർഷത്തിലെ കുറവ് തുടരുകയാണ്. ജൂൺ ഒന്ന് മുതൽ ഇന്നലെ വരെയായി ജില്ലയിൽ 30 ശതമാനത്തിന്റെ കുറവാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം രേഖപ്പെടുത്തിയിരിക്കുന്നത്. 702.2 മില്ലീമീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ പെയ്തതു 489.5 മില്ലീമീറ്റർ മാത്രം. സമീപ ജില്ലകളായ ഇടുക്കി 61, ആലപ്പുഴ 34, എറണാകുളം 42, പത്തനംതിട്ട 45 ശതമാനം എന്നിങ്ങനെയാണ് മഴക്കുറവ്.