വൈക്കത്ത് മൾട്ടിപ്ലക്‌സ് തിയേറ്റർ നിർമ്മണത്തിന് തുടക്കം
കോട്ടയം: എല്ലാ ജില്ലകളിലും സംസ്‌കാരിക സമുച്ചയങ്ങൾ സ്ഥാപിക്കുമെന്ന് സാംസ്‌കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കിഫ്ബിയുടെ സഹായത്തോടെ സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ വൈക്കം ആറാട്ടുകുളങ്ങരയിൽ നിർമ്മിക്കുന്ന മൾട്ടിപ്ലക്‌സ് തിയേറ്ററിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വൈക്കം നഗരസഭയുടെ 80 സെന്റ് ഭൂമിയിൽ നിർമ്മിക്കുന്ന തിയേറ്റർ അടുത്ത വർഷം ഒക്ടോബറിൽ പൂർത്തീകരിച്ച് നാടിന് സമർപ്പിക്കും. സംസ്ഥാനത്ത് 50 സ്‌ക്രീനുകളിലേക്ക് സർക്കാർ തിയേറ്റർ സംവിധാനത്തെ ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനൊപ്പം സർക്കാർ ആരംഭിക്കുന്ന ഒ.ടി.ടി. പ്ലാറ്റ്‌ഫോം കൂടി പ്രവർത്തക്ഷമമാകുന്നതോടെ സിനിമ കാണുന്നതിനായി ഒരു സമാന്തര സംവിധാനം സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. സി.കെ. ആശ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാദ്ധ്യക്ഷ കെ.എസ്. രേണുക രതീഷ്, ഷാജി എൻ.കരുണിന് തിയേറ്റർ നിർമാണത്തിനുള്ള സ്ഥലത്തിന്റെ രേഖകൾ കൈമാറി. അഡ്വ. പി. കെ. ഹരികുമാർ വിശിഷ്ടാഥിതിയായി. എൻ.മായ റിപ്പോർട്ട് അവതരിപ്പിച്ചു.