പാലാ: രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷും വൈസ് പ്രസിഡന്റ് ജോഷി ജോസഫും രാജിവെയ്ക്കുന്നു. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് സമിതിയിലെ മുൻധാരണ പ്രകാരമാണ് ഇരുവരും രാജിവെയ്ക്കുന്നത്. ഷൈനി കോൺഗ്രസ് പ്രതിനിധിയും ജോഷി കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് അംഗവുമാണ്. ജൂൺ 30 വരെയായിരുന്നു ഇരുവരുടെയും കാലാവധി. എന്നാൽ ഒരു അപകടത്തെ തുടർന്ന് വൈസ് പ്രസിഡന്റ് ജോഷി ജോസഫ് ആശുപത്രിയിൽ ആയതിനാലാണ് രാജി നീളുന്നത്. അടുത്തയാഴ്ച ഇദ്ദേഹം ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയാൽ ഉടൻ ഇരുവരും ഒരേദിവസം രാജി സമർപ്പിക്കും. കഴിഞ്ഞ ഒന്നരവർഷക്കാലം വിവിധങ്ങളായ വികസനപദ്ധതികൾ പൂർത്തിയാക്കുന്നതിന് നേതൃത്വം നൽകിയതിന് ശേഷമാണ് ഇരുവരും രാജിവെയ്ക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ ഷൈനി സന്തോഷിന്റെ മൂന്നാം ഊഴമായിരുന്നു ഇത്.

ഇരുവരുടെയും രാജി സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. യു.ഡി.എഫിലെ മുൻ ധാരണപ്രകാരം ഇനി കേരളാ കോൺഗ്രസ് ജോസഫിലെ ലിസമ്മ മത്തച്ചനാണ് പ്രസിഡന്റാകുക. കോൺഗ്രസിലെ ഏഴാച്ചേരി കെ.കെ. ശാന്താറാം വൈസ് പ്രസിഡന്റുമാകും.

അതേസമയം ഏതുവിധേനയും ഭരണം പിടിച്ചെടുക്കാൻ പഞ്ചായത്ത് സമിതിയിലെ പ്രതിപക്ഷമായ ഇടതുമുന്നണി നീക്കം നടത്തുന്നുണ്ട്.