ഏറ്റുമാനൂർ നഗരത്തിൽ ഇന്നലെയും കുടിവെള്ള വിതരണം തടസപ്പെട്ടു
ഏറ്റുമാനൂർ : എന്നും ഇതാണ് അവസ്ഥ. കുടിവെള്ളത്തിനായി വേഴാമ്പലിനെ പോലെ കാത്തിരിക്കണം. പൈപ്പ് പൊട്ടും, കുടിവെള്ളം മുടങ്ങും. ഏറ്റുമാനൂർ നഗരത്തെ സംബന്ധിച്ച് ഇത് പതിവ് കാര്യമാണ്. മഴയുണ്ട് വെള്ളവുമുണ്ട്, പക്ഷേ കുടിക്കാൻ ഒരുതുള്ളി വെള്ളമില്ലെന്ന് മാത്രം. കഴിഞ്ഞ ആറ് ദിവസങ്ങളായി നഗരത്തിൽ ജലവിതരണം തടസപ്പെട്ടു. ചാഴികാടൻ റോഡിൽ പമ്പിംഗ് മെയിൻ പൊട്ടിയതിനാലാണ് ജലവിതരണം നിലച്ചതെന്ന പതിവ് മറുപടി തന്നെയാണ് ഈ പ്രാവശ്യവും വാട്ടർ അതോറിട്ടി അധികൃതർക്ക്.
കോട്ടയം മെഡിക്കൽ കോളേജ് പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന ടീറ്റ്‌മെന്റ് പ്ലാന്റിൻ നിന്നും പമ്പ് ചെയ്താണ് ഏറ്റുമാനൂർ നഗരപരിധിയിൽ ജലം എത്തിക്കുന്നത്. കിണർ ഇല്ലാത്തവരും മഴപെയ്താൽ മലിന ജലം നിറയുന്ന കിണറുള്ളവരുമടക്കം നൂറ് കണക്കിന് കുടുംബങ്ങളാണ് ഈ വെള്ളത്തിനായി കാത്തിരിക്കുന്നത്. ഏറ്റുമാനൂർ പടിഞ്ഞാറേനട കുടി വെള്ളവിതരണ പദ്ധതിയടക്കം നഗരത്തിലെ നിരവധി പദ്ധതികളുടെ ജല വിതരണവും മുടങ്ങി.
അശാസ്ത്രീയമായ നിർമ്മാണവും നിലവാരം കുറഞ്ഞ പൈപ്പുകളും അനുബന്ധ സാമഗ്രികളും ഉപയോഗിക്കുന്നതുമാണ് പൈപ്പ് പൊട്ടലിന് കാരണമെന്ന വാദവും ഉയരുന്നുണ്ട്. അതേസമയം വാഹനത്തിൽ കുടിവെള്ളം കച്ചവടം നടത്തുന്ന ഏജൻസികളെ സഹായിക്കാൻ മനപൂർവം ജലവിതരണം തടസപ്പെടുത്തുന്നു എന്ന് ആക്ഷേപമുണ്ട്.
ചാഴിക്കാടൻ റോഡിൽ ജലവിതരണ കുഴലിലെ കേടുപാടുമൂലം ബുധനാഴ്ച മുതൽ രണ്ട് ദിവസം ജലവിതരണം തടസപ്പെടും എന്ന് അറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതുവരെ ജലവിതരണം പുനസ്ഥാപിച്ചിട്ടില്ല. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്ന നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നു. അടിയന്തിരമായി ജലവിതരണ ലൈനിലെ പണി പൂർത്തികരിച്ച് ജലവിതരണം പുനസ്ഥാപിക്കണം.
ജി.നടരാജൻ,
സെക്രടറി ,
പടിഞ്ഞാറേനട കുടിവെള്ള ഉപഭോക്തൃ സമിതി ,
ഏറ്റുമാനൂർ .