കോട്ടയം : അമിതഭാരം കയറ്റിയെത്തുന്ന തടിലോറികൾ ജില്ലയിലെ നിരത്തുകളിൽ ദിവസേന വരുത്തി വയ്ക്കുന്നത് നിരവധി അപകടങ്ങൾ. അനുവദനീയമായതിന്റെ അഞ്ചിരിട്ടയോളം ഭാരംകയറ്റി എം.സി റോഡിലും, ഇടറോഡുകളിലൂടെയും സഞ്ചരിക്കുന്ന ലോറികൾ മറ്റുവാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാണ്. രാത്രികാലങ്ങളിലാണ് അമിത ഭാരവുമായെത്തുന്ന ലോറികൾ കൂടുതൽ ഭീഷണി. സമീപത്ത് എത്തുന്ന വാഹനങ്ങൾക്കു പോലും ലോറിയുടെ ബോഡി ഭാഗത്തു നിന്ന് പുറത്തേക്ക് നീണ്ടുനിൽക്കുന്ന തടികൾ കാണാൻ കഴിയാറില്ല. പെരുമ്പാവൂരിലെ പ്ളൈവുഡ് കമ്പനികളിലേക്കാണ് ഇവയിൽ കൂടുതലും കൊണ്ടു പോകുന്നത്. താങ്ങാവുന്നതിനപ്പുറം തടി കയറ്റുന്നതിനാൽ നിയന്ത്രണം തെറ്റി ലോറി മറിയുന്നതും പതിവാണ്. തടികയറ്റുന്ന ലോറികളിൽ ഭൂരിഭാഗവും കാലപ്പഴക്കം ചെന്നതാണ്. രാത്രി 12 നും പുലർച്ചെ നാലിനും ഇടയിലാണ് തടി ലോറികളുടെ സഞ്ചാരം. അപായ മുന്നറിയിപ്പ് ലൈറ്റുകൾ ഘടിപ്പിക്കാതെയാണ് പല ലോറികളും പോകുന്നത്. രാത്രിയിൽ തൊട്ടടുത്ത് എത്തുമ്പോഴാണ് ഇത്തരം വാഹനങ്ങൾ മറ്റു ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുന്നത്.
തോന്നും പടി പാർക്കിംഗ്
രാത്രികാലങ്ങളിൽ തോന്നുംപടിയാണ് ലോറികളുടെ പാർക്കിംഗ്. ഇത് അപകടങ്ങൾക്ക് കാരണമാകുന്നു. റോഡിന്റെ വശങ്ങൾ താഴ്ന്നു നിൽക്കുന്നതും വഴിവിളക്കുകൾ തെളിയാത്തതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ഓരോ വാഹനത്തിലും കയറ്റാവുന്ന ലോഡ് എത്രയാണെന്ന് നിശ്ചയിച്ചിട്ടുണ്ട്. പെർമിറ്റിലും ആർ.സി ബുക്കിലും ഇത് കാണിച്ചിട്ടുണ്ടാകും. അമിതഭാരം ഒരു ടണ്ണിൽ കൂടുതലാണെങ്കിൽ 2000 രൂപയും അതിന് മുകളിൽ ഓരോ ടണ്ണിനും 1000 രൂപ വരെയുമാണ് പിഴ.
വാഹനങ്ങളും കയറ്റാവുന്ന ലോഡും
ലോറി : 10 ടൺ
മിനി ലോറി : 4.5 ടൺ
ടോറസ് : 17 ടൺ
ടിപ്പർ : 10 ടൺ
ഹെവി ടിപ്പർ : 17 ടൺ