മുണ്ടക്കയം : എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പ്രീമാര്യേജ് കൗൺസിലിംഗ് കോഴ്‌സിന്റെ 48-ാമത് ബാച്ച് ശനി, ഞായർ തീയതികളിൽ ഓൺലൈനായി നടക്കുമെന്ന് യൂണിയൻ സെക്രട്ടറി അഡ്വ.പി.ജീരാജ് അറിയിച്ചു. ശനിയാഴ്ച രാവിലെ 9 ന് കോഴ്‌സ് ചെയർമാൻ ലാലിറ്റ് എസ് തകടിയേലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗം യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതൽ 12 വരെ മാതൃകാദമ്പതികൾ എന്ന വിഷയത്തിൽ ഡോ.അനൂപ് വൈക്കവും, ശ്രീനാരായണ ധർമ്മം കുടുംബ ജീവിതത്തിൽ എന്ന വിഷയത്തിൽ ആശാ പ്രദീപും ക്ലാസുകൾ നയിക്കും. സമാപന ദിവസമായ ഞായറാഴ്ച വിവാഹ ജീവിതത്തിലെ ലൈംഗികത എന്ന വിഷയത്തിൽ ഡോ.ജോസ് ജോസഫും, സ്ത്രീപുരുഷ മനശാസ്ത്രവും കുടുംബഭദ്രതയും എന്ന വിഷയത്തിൽ ഗ്രേയ്‌സ് ലാലും, മദ്യപാനവിപത്തും കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയും എന്ന വിഷയത്തിൽ ജോർജുകുട്ടി അഗസ്തിയും ക്ലാസുകൾ നയിക്കും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനം യൂണിയൻ സെക്രട്ടറി അഡ്വ.പി. ജീരാജ് ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാൻ താത്പര്യമുള്ളവർ അതാത് ശാഖാ സെക്രട്ടറിമാർ വഴി പേര് രജിസ്റ്റർ ചെയ്യണം.