
കോട്ടയം. ആട്ടിറച്ചിക്ക് ഡിമാൻഡ് വർദ്ധിച്ചതോടെ അന്യസംസ്ഥാനങ്ങളിൽനിന്ന് രോഗം ബാധിച്ച ആടുകളെ കശാപ്പിനായി എത്തിക്കുന്നത് വ്യാപകമാകുന്നു. രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് ഇറക്കുമതി. കൊളസ്‌ട്രോൾ ഉള്ളവർ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് വിപണിയിൽ ആട്ടിറച്ചിക്ക് ഡിമാൻഡ് ഏറിയത്. അന്യസംസ്ഥാനത്തുനിന്ന് പ്രായം ചെന്നതും രോഗം ബാധിച്ചതുമായ ആടുകളെ കണ്ടെയ്‌നറുകളിൽ കുത്തിനിറച്ചാണ് എത്തിക്കുന്നത്. ഇതിൽ വലിയൊരു വിഭാഗം വാഹനത്തിൽ വച്ചുതന്നെ ചത്തുപോവുകയും ചെയ്യും.
ഇത്തരത്തിൽ കൊണ്ടുവരുന്ന ആടുകളുടെ ഇറച്ചി ഹോട്ടലുകൾക്ക് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതോടെ കർഷകന്റെ ആടിന് വില ലഭിക്കുന്നില്ല. കൊണ്ടുവരുന്നവയിൽ കുഞ്ഞുങ്ങളും ആരോഗ്യമുള്ളവയും ഉണ്ടെങ്കിൽ ഇവയെ വളർത്താനായി വിൽക്കുന്നുമുണ്ട്. ഇത്തരം ആടുകളെ പ്രാദേശിക കർഷകർ വാങ്ങി വളർത്താൻ തുടങ്ങിയതോടെ രോഗങ്ങൾ വ്യാപിക്കാനും ഇടയായി. മുൻപ് ഇവിടെ ഇല്ലാതിരുന്ന പി.പി.ആർ അടക്കമുള്ള വൈറസ് രോഗങ്ങൾ ഇങ്ങിനെയാണ് വന്നത്.
ആട്ടിറച്ചി വാങ്ങുമ്പോൾ ഒരു കിലോയ്ക്ക് വില. 600 രൂപ.
ആടിനെ മൊത്തമായി നൽകുമ്പോൾ കിലോയ്ക്ക് 145 രൂപ.
കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെടുന്നു.
അന്യസംസ്ഥാനത്തുനിന്ന് വ്യാപകമായി ആടുകളെ ഇറക്കാൻ തുടങ്ങിയതോടെ ഗുണനിലവാരമുള്ള നാടൻ ആടുകളുടെ ഡിമാന്റ് കുറയുകയും വില ഇടിയുകയും ചെയ്തു. നഷ്ടമായിട്ടും മറ്റുമാർഗമില്ലാത്തതിനാൽ കുറഞ്ഞവിലയ്ക്ക് വിൽക്കേണ്ട സ്ഥിതിയിലാണ് കർഷകർ. ഏറ്റുമാനൂർ കേന്ദ്രീകരിച്ചുള്ള സംഘമാണ് അനധികൃത ആടുകടത്തിന് നേതൃത്വം നൽകുന്നത്. ഇതു തടയാൻ ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കണം.