പാലാ : മൃഗങ്ങളുമായി ഇവിടെ വരുന്നവർ ഇഴജന്തുക്കളുടെ കടിയേൽക്കാതെ സൂക്ഷിക്കണം. അത്രയ്ക്കുണ്ട് കാട്. പാലാ നഗരസഭയുടെ കീഴിലുള്ള മൃഗാശുപത്രി (ഗവ. വെറ്റിനറി പോളി ക്ലിനിക്ക്) പരിസരം കാടുമൂടിയിട്ടും വെട്ടിത്തെളിക്കാൻ ആരുമില്ല. നഗരസഭയുടെ കീഴിൽ തൊഴിലുറപ്പ് തൊഴിലാളികളും ശുചീകരണ വിഭാഗം തൊഴിലാളികളുമൊക്കെയുണ്ടെങ്കിലും എല്ലാം കോമഡിയാണ്. ദിവസേന അമ്പതിലധികം കേസുകളാണ് ആശുപത്രിയിലെത്തുന്നത്. സിസേറിയൻ അടക്കം ഇവിടെയുണ്ട്. ഒന്നരയേക്കറോളം സ്ഥലമാണിവിടെ മൃഗാശുപത്രിയ്ക്ക് സ്വന്തമായിട്ടുള്ളത്. ഈ വളപ്പിൽ തെരുവു നായ സംരക്ഷണ കേന്ദ്രവും പ്രവർത്തിച്ചിരുന്നു. ആ ഭാഗവും ഇപ്പോൾ കാട് കയറി.

പാലാ മാർക്കറ്റിന് സമീപമുള്ള ഇടവഴിയിലൂടെ 50 മീറ്റർ ചെന്നാൽ മൃഗാശുപത്രിയുടെ വളപ്പായി. കവാടം കടക്കുമ്പോഴേ കാണുന്നത്

കാടും പടലുമാണ്. ഇതിന് നടുവിലൂടെ ചെളിയും ചെളിവെള്ളവും നിറഞ്ഞ ചെറിയൊരു മണ്ണ് റോഡ്. കെ.എം.മാണി മന്ത്രിയായിരുന്ന സമയത്താണ് പാലാ മൃഗാശുപത്രിയെ ഗവ.വെറ്റിനറി പോളിക്ലിനിക്കായി ഉയർത്തിയത്. തുടർന്ന് എല്ലാവിധ മൃഗചികിത്സകളും ഇവിടെ ആരംഭിക്കുകയും ചെയ്തിരുന്നു.

നഗരസഭാധികൃതർക്ക് ഇതിനൊക്കെ എവിടെ സമയം

കാലാകാലങ്ങളിലുള്ള നഗരസഭ അധികാരികൾ മൃഗാശുപത്രിയുടെ പരിസരവും മറ്റും നന്നാക്കാൻ ശ്രദ്ധ കാണിച്ചിരുന്നു. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി ഇവിടേയ്ക്ക് ആരും തിരിഞ്ഞു നോക്കുന്നില്ല. കാടും പടലും നിറഞ്ഞ ആശുപത്രി പരിസരം ഇപ്പോൾ ഇഴജന്തുക്കളുടെ വിഹാരയിടമാണെന്ന് ജീവനക്കാർ പറയുന്നു. കൂടാതെ സന്ധ്യ മയങ്ങിയൽ സാമൂഹ്യവിരുദ്ധശല്യവും.


വെറ്ററിനറി പോളി ക്ലിനിക്കിന്റെ പരിസര ഭാഗങ്ങൾ ശുചീകരിക്കണമെന്ന് നഗരസഭ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എത്രയും വേഗം ഇത് നടപ്പാക്കുമെന്നാണ് കരുതുന്നത്

ഡോ.സാജൻമോൻ, സീനിയർ വെറ്റിനറി സർജൻ