puli


മുണ്ടക്കയം ഈസ്റ്റ്. പെരുവന്താനം പഞ്ചായത്തിലെ ചെന്നാപ്പാറ ഭാഗത്ത് പശുകിടാവിനെ ചത്ത നിലയിൽ കണ്ടെത്തി. അതോടൊപ്പം കോമ്പുകുത്തി ഭാഗത്ത് വളര്‍ത്തുനായയെ കാണാതായതും നാടിനെ വീണ്ടും ഭീതിയിലാഴ്ത്തിയിരിക്കയാണ്. വീടിന്റെ പരിസരത്ത് പുലിയുടേതെന്നു സംശയിക്കുന്ന കാല്‍പ്പാടുകളും കണ്ടു.

തിങ്കളാഴ്ച രാവിലെ ചെന്നാപ്പാറ മുകള്‍ ഭാഗത്ത് 94 ഫീല്‍ഡിലാണ് പശുകിടാവിനെ ചത്തനിലയില്‍ കണ്ടത്. കിടാവിന്റെ ശരീരം ഭൂരിഭാഗവും ഭക്ഷിച്ച നിലയിലാണ്. രാവിലെ ഏഴുമണിയോടെ ടാപ്പിംഗിനെത്തിയ ശശികുമാറാണ് കിടാവിന്റെ ജഡം കണ്ടത്. ഉടന്‍ വനപാലകരെത്തി പരിശോധന നടത്തി. കൊമ്പുകുത്തി കൊച്ചുവീട്ടില്‍ സുരേഷിന്റെ വളര്‍ത്തുനായയെയാണ് പുലികൊണ്ടുപോയത്. സ്ഥലത്തില്ലായിരുന്ന സുരേഷും കുടുംബവും തിങ്കളാഴ്ച വീട്ടിലെത്തിയപ്പോൾ വളര്‍ത്തുനായയെ കണ്ടില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടുപരിസരത്ത് പുലിയുടേതെന്നു കരുതുന്ന കാല്‍പ്പാടുകള്‍ കണ്ടത്. വീടിന്റെ ഭിത്തിയില്‍ നഖംകൊണ്ട് മാന്തിയ പോലുള്ള പാടുകളും കണ്ടെത്തിയിട്ടുണ്ട്. മേഖലയില്‍ ഒന്നര വര്‍ഷത്തിനിടയില്‍ നാല്‍പ്പത്തിയെട്ടു വളര്‍ത്തുനായ്ക്കളെയാണ് വന്യമൃഗങ്ങള്‍ കൊണ്ടുപോയത്.
ഒരുവര്‍ഷമായി ചെന്നാപ്പാറ മുകള്‍, ചെന്നാപ്പാറ താഴെ, കൊമ്പുകുത്തി, കോരുത്തോട്, ഇ.ഡി.കെ. തുടങ്ങിയ മേഖലകളില്‍ വന്യമൃഗങ്ങള്‍ മൂലം നാടിന്റെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് തിങ്കളാഴ്ച പശുകിടാവിന്റെ ജഡം കണ്ടെത്തിയ 94 ഭാഗത്ത് ടാപ്പിംഗ് തൊഴിലാളി പുലിയെ കണ്ടത്. ഒരാഴ്ച പിന്നിട്ടപ്പോള്‍ ചെന്നാപ്പാറ മുകള്‍ ജംഗ്ഷനിലെ ഫീല്‍ഡ് സ്റ്റാഫിന്റെ വീട്ടു വരാന്തയില്‍ നായയെ അക്രമിക്കുന്ന പുലിയെ കണ്ടു. മറ്റൊരു ഡിവിഷനായ ഇ.ഡി.കെയില്‍ ഇതിനു ശേഷം രണ്ടു തവണ പശുകിടാവിനെ ചത്ത നിലയില്‍ കണ്ടെത്തി. ഇവിടെ വനപാലകര്‍ കാമറയും ഇരുമ്പുകൂടും സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല. ചെന്നാപ്പാറ താഴെയും അടുത്തിടെ പശുകിടാവിനെ പാതി തിന്ന നിലയില്‍ കണ്ടെത്തിയിരുന്നു.

പൂച്ചപ്പുലിയെന്ന് വനപാലകർ.

ഇത്രയും നാശം വിതച്ചിട്ടും ഇതുവരെയായി പുലിയെ കണ്ടെത്താനാവത്തത് നാടിനെ ആശങ്കയിലാക്കിയിരിക്കുകയാണ്. ആയിരക്കണക്കിന് തോട്ടം തൊഴിലാളികളും വിവിധ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും കടന്നുപോകുന്ന ജനവാസ മേഖലയിലാണ് പുലിയുടെ സാന്നിദ്ധ്യം ഉണ്ടാവുന്നത്. ഇരുമ്പു കൂടും കാമറയുമെല്ലാം വെറുതെയായതോടെ നാട്ടുകാര്‍ കടുത്ത ഭീതിയിലാണ്. എന്നാല്‍ പുലിയല്ലെന്ന നിലപാടിലാണ് വനപാലകര്‍. ചത്ത പശുകിടാക്കളെ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനുപോലും വനപാലകര്‍ തയ്യാറാകുന്നില്ലന്നാക്ഷേപം ശക്തമാണ്. ലക്ഷണങ്ങള്‍ പൂച്ചപ്പുലിയുടെതെന്നാണ് അവർ പറയുന്നത്.