കോട്ടയം : എ.കെ.ജി സെന്റിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ നഗരത്തിൽ നടത്തിയ പ്രകടനത്തിനിടെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ പ്രവീൺ തമ്പി, കെ.മിഥുൻ (അമ്പിളി), വിഷ്ണു ഗോപാൽ, അരുൺകുമാർ, വിഷ്ണു രാജേന്ദ്രൻ എന്നിവരെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രകടനമായി എത്തിയ പ്രവർത്തകർ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കല്ലും, തീപ്പന്തവും എറിഞ്ഞത്. ആക്രമണം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്തതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇവർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.