
കോട്ടയം . രണ്ട് വർഷത്തെ കൊവിഡ് കാല ആലസ്യത്തിന് ശേഷം ജലമേളകൾക്ക് തുടക്കം കുറിച്ച് 12 ന് നടക്കുന്ന ചമ്പക്കുളം വള്ളംകളിയിൽ ഇതാദ്യമായി കുമരകത്തിന്റെ പ്രാതിനിധ്യമില്ല. ചുണ്ടൻ വള്ളമിറക്കാനുള്ള സാമ്പത്തിക പ്രതിസന്ധിയും ചെറുവള്ളങ്ങളെ ഒഴിവാക്കിയതുമാണ് കുമരകത്ത് നിന്ന് വള്ളങ്ങൾ ഇക്കുറി ഇല്ലാതായത്. എന്നാൽ കുമരകത്തിന്റെ ചുണക്കുട്ടന്മാരെ തേടി മറ്റു ടീമുകൾ എത്തിയതിനാൽ പലരും പല വള്ളങ്ങളിലായി കൂലിയ്ക്ക് തുഴയുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണം ചമ്പംക്കുളം വള്ളംകളിയിൽ മൂന്ന് ചുണ്ടൻ,മൂന്ന് വെപ്പ് ,മൂന്ന് ഓടി ഉൾപ്പെടെ ഒമ്പതു വള്ളങ്ങളെ പങ്കെടുപ്പിക്കാനായിരുന്നു തീരുമാനം. ഇതിനെതിരെ ക്ലബുകളുടെ പ്രതിഷേധം ഉയർന്നതോടെ കൂടുതൽ വള്ളങ്ങളെ പങ്കെടുപ്പിക്കാമെന്ന ഉറപ്പ് സംഘാടകർ നൽകിയിരുന്നു. പ്രളയവും കൊവിഡും കാരണം മൂന്നാലുവർഷമായി വള്ളംകളി നടക്കുന്നില്ലെങ്കിലും വള്ളങ്ങളുടെ പരിപാലനത്തിന് ലക്ഷങ്ങളാണ് ചെലവാകുന്നത്. ചുണ്ടൻ വള്ളങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് നൽകിയിരുന്ന ഗ്രാന്റും സർക്കാർ ഇപ്പോൾ നൽകുന്നില്ല. പ്രൈസ് മണി പേരിന് മാത്രമായതിനാൽ നെഹ്‌റു ട്രോഫിയുടെ ആകർഷണീയത ചമ്പക്കുളം വള്ളംകളിക്കില്ല. ഈ സാഹചര്യത്തിലാണ് കടം വാങ്ങി തുഴയേണ്ടെന്ന തീരുമാനത്തിൽ ബോട്ട് ക്ലബുകൾ എത്തിയത്.
നെഹ്‌റു ട്രോഫിക്കായി ഒരുക്കം തകൃതി.
സെപ്തംബറിൽ നടക്കുന്ന നെഹൃട്രോഫിയും തുടർന്ന് വിവിധ ജില്ലകളിൽ അരങ്ങേറുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾക്കായി കുമരകത്തെ ബോട്ട് ക്ലബുകൾ ഒരുക്കം തുടങ്ങി. കുമരകം ടൗൺ ബോട്ട് ക്ലബ് ജവഹർ തായങ്കരി ചുണ്ടനുമായി കരാറുണ്ടാക്കി. 2010 ൽ കുമരകം ബോട്ട് ക്ലബ് ജവഹർ തായങ്കരി ചുണ്ടനിൽ ട്രോഫി നേടിയിരുന്നു. 15 തവണ നെഹ്‌റു ട്രോഫി നേടി ചരിത്രം കുറിച്ച കാരിച്ചാൽ ചുണ്ടനിൽ ചമ്പക്കുളം വള്ളംകളിയ്ക്ക് തുഴയെറിയുന്നത് കരുത്തരായ പള്ളാത്തുരുത്തി ബോട്ട് ക്ലബാണ്. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള പൊലീസ് ബോട്ട് ക്ളബ് നടുഭാഗം ചുണ്ടൻ വള്ളം തുഴയും. കരുത്തരായ യു.ബി.സി കൈനകരി ടീമും രംഗത്തുണ്ട്.സാമ്പത്തിക പ്രതിസന്ധി കാരണം മൂന്ന് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ ഒമ്പതു വളളങ്ങളെ മത്സരത്തിൽ പങ്കെടുപ്പിക്കാനാണ് തീരുമാനം.